വര്‍ഗീയ പരാമര്‍ശം: മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

പാലക്കാട് ജില്ലയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ വിഷയത്തില്‍ മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഐ പി സി 153 പ്രകാരം കേസ് രജിസ്റ്റര്‍ ചെതയ്ത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിനാണ് വിഷയം സംബന്ധിച്ച് പരാതി ലഭിച്ചത്. തുടര്‍ന്ന് എസ് പി മലപ്പുറം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പരാതി സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ് ഐ. സംഗീത് പുനത്തില്‍ അറിയിച്ചു.

മെയ് 27നാണ് പാലാക്കാട് വെള്ളിയാറില്‍ കാട്ടാന വായ തകര്‍ന്ന് കൊല്ലപ്പെട്ടത്. ആന കഴിച്ച ഭക്ഷണത്തിലെ സ്‌ഫോടക വസ്തു പൊട്ടിതെറിച്ച് ആനയുടെ വായക്ക് പരുക്കേറ്റിരുന്നു. വായില്‍ പുഴുവരിച്ച നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന പുഴയില്‍ ഇറങ്ങി വായ താഴ്ത്തി നില്‍ക്കുകയായിരുന്നു.

ആനയുടെ വിവരം അറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കുങ്കിയാനകളെ കൊണ്ടു വന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ആനയെ കരക്ക് കയറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആന വെള്ളത്തില്‍ തന്നെ ചരിഞ്ഞു. ആനയുടെ മരണം രാജ്യാന്തര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറി. മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ മേനക ഗാന്ധി സംഭവത്തില്‍ മലപ്പുറത്തിനെതിരേ വര്‍ഗീയ പ്രതിഷേധവുമായി രംഗത്തെത്തിയതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

സംഭവത്തിൽ മൂന്ന് തോട്ടം തൊഴിലാളികളെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഗര്‍ഭിണിയായ ആന മരിച്ചത് തേങ്ങയില്‍ നിറച്ച സ്‌ഫോടക വസ്തു കഴിച്ചിട്ടെന്നാണ് അറസ്റ്റിലായ പ്രതിവെളിപ്പെടുത്തല്‍. കൃഷിയിടങ്ങളില്‍ വെക്കുന്ന പന്നിപടക്കമാണ് ആനയുടെ മരണത്തിന് കാരണമെന്നാണ് വെളിപ്പെടുത്തല്‍. തേങ്ങ കീറി അതിനുള്ളില്‍ സ്‌ഫോടക വസ്തു നിറച്ചാണ് പന്നിയെ കൊല്ലാനുള്ള പടക്കം നിര്‍മിക്കുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.