സംസ്ഥാനത്ത് 111 പേർക്ക് കൂടി കൊവിഡ്; 22 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്നക്കം കടക്കുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 48 പേരാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയത്. പത്തു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും 22 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ 5, കോട്ടയം 1, ഇടുക്കി 3, എറണാകുളം 10, തൃശൂര്‍ 8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട് 4, കാസര്‍കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മഹാരാഷ്ട്ര 25, തമിഴ്‌നാട് 10, കര്‍ണാടക 3, ഉത്തര്‍പ്രദേശ്, ഹരിയാന, ലക്ഷദ്വീപ് 1 വീതം, ഡല്‍ഹി 4, ആന്ധ്രപ്രദേശ് 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്ത് നിന്ന് എത്തിയവരുടെ എണ്ണം. തിരുവനന്തപുരം 1, ആലപ്പുഴ 4, എറണാകുളം 4, തൃശൂര്‍ 5, കോഴിക്കോട് 1, കാസര്‍കോട് 7 എന്നിങ്ങനെയാണ് രോഗമുക്തരുടെ കണക്ക്.
ഇന്ന് മാത്രം 247 പേര്‍ ആശുപത്രികളിലെത്തി. ഇതുവരെ 790074 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 74769 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 19650 സാംപിളുകള്‍ ശേഖരിച്ചു. 18049 എണ്ണം നെഗറ്റീവായി. 3597 സാംപിളുകള്‍ ഇന്ന് പരിശോധിച്ചു. 1697 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതില്‍ 973 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോട്‌സ്‌പോട്ടുകള്‍ 128 ആയി. വയനാട് 3, കണ്ണൂര്‍1, കോഴിക്കോട് 1 എന്നിങ്ങനെയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്നും സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.