ആഗ്രയില്‍ കൊവിഡ് മരണം ഉയരുന്നത് സംബന്ധിച്ച് ട്വീറ്റ് ചെയ്ത പ്രിയങ്കാ ഗാന്ധിക്ക് നോട്ടീസ്

ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂറിനിടെ 28 കൊവിഡ് രോഗികള്‍ മരിച്ചത് സംബന്ധിച്ച് ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു. യു പി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഇത് നാണക്കേടാണെന്നും സത്യം മൂടിവെക്കുകയാണെന്നും ട്വീറ്റിലുണ്ടായിരുന്നു.

ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നതും തെറ്റുമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് അയച്ച നോട്ടീസില്‍ പറയുന്നത്. 24 മണിക്കൂറിനകം ട്വീറ്റ് പിന്‍വലിക്കണം. പൊതുജനങ്ങളെയും കൊവിഡ് പോരാളികളെയും ഇത്തരം പ്രചാരണം പ്രതികൂലമായി ബാധിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു നരെയ്ന്‍ സിംഗ് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 109 ദിവസത്തിനിടെ ആഗ്രയില്‍ 1139 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇവരില്‍ 79 പേരാണ് മരിച്ചതെന്നും ജില്ലാ ഭരണകൂടം പറയുന്നു.
എന്നാല്‍, ആഗ്ര മോഡല്‍ എന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ആഗ്രയില്‍ കൊവിഡ് ബാധിച്ചവരുടെ മരണ നിരക്ക് ഡല്‍ഹി, മുംബൈ എന്നിവിടങ്ങളേക്കാള്‍ കൂടുതലാണ്. ആഗ്രയില്‍ 79 പേര്‍ മരിച്ചു എന്നതിനര്‍ഥം മരണനിരക്ക് 35 ശതമാനം ആണെന്നാണ്. അതായത്, ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ 28 പേര്‍ മരിച്ചുവെന്നാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.