ചൈനയുമായുള്ള സംഘര്‍ഷത്തിന് വഴിവച്ചത് മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെന്ന് സോണിയ

മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങളും കെടുകാര്യസ്ഥതയുമാണ് അതിര്‍ത്തിയില്‍ ചൈനയുമായുള്ള കടുത്ത സംഘര്‍ഷത്തിനും രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കും വഴിതെളിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാകാനും ഇടയാക്കിയത് കേന്ദ്രത്തിന്റെ പിടിപ്പുകേടാണെന്നും വെബ് വഴി നടത്തിയ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.

ഒന്നും അംഗീകരിക്കാത്ത സ്വഭാവമാണ് എന്‍ ഡി എ സര്‍ക്കാറിനുള്ളത്. മെയ് അഞ്ചിനു തന്നെ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും അതിക്രമവും കണ്ടെത്തുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ഉടന്‍ തന്നെ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കാതിരുന്നതിനാല്‍ സ്ഥിതിഗതികള്‍ വഷളാവുകയും ജൂണ്‍ 15, 16 തീയതികളില്‍ നടന്ന ആക്രമണ സംഭവങ്ങളിലായി 20 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളാവുകയും 85 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പത്തുപേരെ കാണാതായിട്ടുമുണ്ട്. എന്നാല്‍, ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആരും അതിക്രമിച്ചു കടന്നിട്ടില്ലെന്നായിരുന്നു പ്രധാന മന്ത്രിയുടെ ഉടനെയുള്ള പ്രതികരണം. ഇന്ത്യന്‍ മേഖലയില്‍ ഒരു രാജ്യത്തിന്റെയും സൈനിക സാന്നിധ്യമില്ലെന്നും ഇന്ത്യന്‍ പോസ്റ്റുകളൊന്നും ചൈന കയേറിയിട്ടില്ലെന്നുമാണ് ജൂണ്‍ 19നു വിളിച്ചു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാന മന്ത്രി പറഞ്ഞതെന്നും സോണിയ വ്യക്തമാക്കി.
ചൈനയുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, സൈനിക മേധാവി ജനറല്‍ എം എം നരാവ്‌നെ എന്നിവരുടെ പ്രതികരണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു മോദിയുടെ ിലപാടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രാജ്യത്തിന്റെ നയതന്ത്ര താത്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ പ്രധാന മന്ത്രി വളരെ സൂക്ഷിച്ചാകണം നടത്തേണ്ടതെന്ന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.