സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12ാം ക്ലാസ് പരീക്ഷ സാഹചര്യം അനുകൂലമായാൽ നടത്തും

കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെച്ച സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ന്യൂഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ പരീക്ഷ നടത്താൻ കഴിയുന്ന സാഹചര്യമല്ലെന്ന് അറിയിച്ചതായി സി ബി എസ് ഇ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അതേസമയം 12ാം ക്ലാസ് പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് താത്പര്യമുണ്ടെങ്കിൽ സാഹചര്യം അനുകൂലമായാൽ നടത്തുമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്.
വൈറസ് രോഗവ്യാപന ആശങ്കയിൽ പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാടറിയിച്ചത്.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി,സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ലോക്ക്ഡൗൺ മൂലം മുടങ്ങിയ പരീക്ഷകൾ, ജൂലൈ ഒന്ന് മുതൽ 15 വരെ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പരീക്ഷ നടത്താൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

പരീക്ഷ ഒഴിവാക്കി ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിക്കാരായ രക്ഷിതാക്കൾ കോടതിയോട് ആവശ്യപ്പെട്ടത്. നിലപാട് ഇന്ന് അറിയിക്കണമെന്ന് കോടതി കേന്ദ്ര സർക്കാറിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പരീക്ഷാ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സി ബി എസ് ഇയും അറിയിച്ചത്.