സി ബി എസ് ഇ പരീക്ഷകള്‍ റദ്ദാക്കിയത് സുപ്രീം കോടതി അംഗീകരിച്ചു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്താം ക്ലാസിലേയും 12-ാംക്ലാസിലെയും പരീക്ഷകള്‍ റാദ്ദാക്കാനുള്ള സി ബി എസ് ഇയുടേയും ഐ സി എസ് ഇയുടേയും തീരുമാനത്തിന് സുപ്രീം കോടതിയുടെ അനുമതി. കഴിഞ്ഞ ദിവസം പരീക്ഷ റദ്ദാക്കുമെന്ന് വിജ്ഞാപനത്തിലൂടെ അറിയിച്ച സി ബി എസ് ഇയും ഐ സി എസ് ഇയും ഇന്ന് ഇത് സംബന്ധിച്ച പുതിയ വിജ്ഞാപനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കോടതി അതേ പടി അംഗീകരിക്കുകയായിരുന്നു.

ജൂലൈ ഒന്നു മുതല്‍ 15-ാം തീയതി വരെ നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കുന്നുവെന്നായിരുന്നു സി ബി എസ് ഇ അറിയിച്ചത്. ഇന്റേര്‍ണല്‍ അസസ്മെന്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് അനുവദിച്ച് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് എഴുതിയ പരീക്ഷകളുടെ ശരാശരിയില്‍ ഗ്രേഡ് നിര്‍ണയിക്കും. കൂടുതല്‍ മാര്‍ക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ശാരാശരിയായിരിക്കും കണക്കാക്കുക.

അതേസമയം കേരളത്തില്‍ പൂര്‍ത്തിയായ പരീക്ഷകള്‍ റദ്ദാക്കില്ല. കേരളത്തില്‍ ഇതിന്റെ ഫലമായിരിക്കും അന്തിമം.മൂന്ന് പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്ക് മികച്ച മാര്‍ക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ഫലം എടുക്കും.

അതിന്റെ ശരാശരി മാര്‍ക്കാകും നടക്കാത്ത മറ്റ് പരീക്ഷകള്‍ക്കെല്ലാം ഉണ്ടാകുക.ഇന്റേണല്‍ അസസ്‌മെന്റ് അനുസരിച്ചുള്ള മാര്‍ക്കുകള്‍ ചേര്‍ത്ത് പരീക്ഷാഫലം ജൂലൈ 15-നകം പ്രസിദ്ധീകരിക്കും. സാഹചര്യം മെച്ചപ്പെട്ടാല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാംഇങ്ങനെ പരീക്ഷ എഴുതുന്നത് ഇംപ്രൂവ്‌മെന്റ് പരീക്ഷയായി കണക്കാക്കും. ഈ ഫലമായിരിക്കും അന്തിമം. പത്താം ക്ലാസുകാര്‍ക്ക് ഇനി പരീക്ഷയില്ല, ഇന്റേണല്‍ അസസ്‌മെന്റ് അനുസരിച്ച് തന്നെയാകും മാര്‍ക്ക്.