24 മണിക്കൂറിനിടെ രാജ്യത്ത് 18,653 കൊവിഡ് കേസും 507 മരണവും

രാജ്യത്തെ കൊവിഡ് കേസുകളും മരണവും ഓരോ ദിവസം കഴിയുന്തോറും വലിയ തോതില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,653 കൊവിഡ് കേസും 507 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 5,85,493ഉം മരണം 17,400ലുമെത്തി. 2,20,114 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. രോഗം വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തിയും ഉയരുന്നത് ആശ്വാസ മേകുന്നതാണ്. രാജ്യത്തെ രോഗമുക്തി 60 ശതമാനത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ സങ്കീര്‍ണമായി തുടരുകയാണ്. സംസ്ഥാനത്തെ കേസുകളും മരണങ്ങളും ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആരോപണമുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ ഇന്നലെ മാത്രം ഡെത്ത് ഓഡിറ്റിലൂടെ 150 എണ്ണം കണ്ടെത്തി. സംസ്ഥാനത്ത് പുതുതായി 4878 കേസും 245 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതര്‍ 1,74,761 പേരും മരണം 7,855ലുമെത്തി. രോഗവ്യാപനം ഏറ്റവും രൂക്ഷമായ മുംബൈയിലും താനെയിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. മുംബൈയില്‍ ഗണേശോത്സവ ആഘോഷങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്.

രോഗ വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്നലെ 3943 കേസും 60 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 32557ഉം മരണം 1,201മാ്ണ്. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 87,360ഉും മരണം 2742മാണ് . രാജ്യ തലസ്ഥാനത്ത് ഇന്നലെ 2199 കേസും 62 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 1,846, ഉത്തര്‍പ്രദേശില്‍ 697, പശ്ചിമബംഗാളില്‍ 668, മധ്യപ്രദേശില്‍ 572, തെലങ്കാനയില്‍ 260 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.