ലോകത്ത് കൊവിഡ് മരണം 5.30 ലക്ഷത്തിലേക്ക്; കൊവിഡ് കേസുകൾ ഒരുകോടി 10 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്. നിലവില്‍ 1,11,90,678 കൊവിഡ് രോഗികളാണുള്ളത്. അതേ സമയം കൊവിഡ് ബാധിച്ച് 5,29113 പേര്‍ മരിച്ചു. 62,97,610 പേര്‍ രോഗമുക്തരായി. 43,63,955 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന പ്രതീക്ഷ പകരുന്നതാണ്.

28,90,588 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. 1,32,101 പേര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. അലബാമ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ടെന്നിസീ, അലാസ്‌ക എന്നിവിടങ്ങളില്‍ രോഗബാധ ക്രമാതീതമായി ഉയരുകയാണ്.ഇന്നലെ മാത്രം അമേരിക്കയില്‍ അരലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലിലും സ്ഥിതിയില്‍ മാറ്റമില്ല. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 42,223 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,39,081 ആയി. മരണം 1290 എണ്ണം വര്‍ധിച്ച് 63,174 ആയി.

ബ്രസീലിയന്‍ നഗരങ്ങളില്‍ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ ബാറുകള്‍, റസ്റ്ററന്റുകള്‍, ജിമ്മുകള്‍ എന്നിവ തുറന്നതിനാല്‍ രോഗബാധ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 6,49,889 കൊവിഡ് ബാധിതരുമായി ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്.