സ്വാതന്ത്ര്യ സമര സേനാനി രൈരുനായര്‍ അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനി സി.രൈരു നായര്‍ (98) അന്തരിച്ചു. വെളിയാഴ്ച രാത്രി 7.30 ന് കോഴിക്കോട്ടെ സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും.രൈരുനായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനിക്ക് പിതൃതുല്യനായിരുന്നു അദ്ദേഹമെന്ന് പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

‘അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹിക സാംസ്‌ക്കാരിക നായകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രൈരു നായര്‍ സഞ്ചരിക്കുന്ന ചരിത്ര പുസ്തകമായിരുന്നു. മനുഷ്യ സ്‌നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര.’- മുഖ്യമന്ത്രി എഫ് ബിയില്‍ കുറിച്ചു.

1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച രൈരു നായര്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആകൃഷ്ടനായി. പതിനഞ്ചാം വയസ്സില്‍ വാര്‍ധയിലെ ആശ്രമത്തിലെത്തി.ഗാന്ധിജിയും നെഹ്‌റുവും സുഭാഷ് ചന്ദ്ര ബോസും ഉള്‍പ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുമായി അവിടെ നിന്നും ബന്ധപ്പെട്ടു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി തലശ്ശേരിയിലും കോഴിക്കോടുമായി പഠനം തുടര്‍ന്നു.
കോഴിക്കോട് മലബാര്‍ ഫാര്‍മസി നടത്തവേ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.എ.കെ.ജി.യും ഇ.എം.എസ്സും മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ള നേതാക്കളുമായി സൗഹൃദം സൂക്ഷിച്ചു.ധര്‍മടം മേലൂരില്‍ ജഡ്ജ് ബംഗ്ലാവ് എന്നറിയപ്പെടുന്ന വസതിയിലായിരുന്നു താമസം.അച്ഛന്‍:തേര്‍ളയില്‍ രൈരു നായര്‍. അമ്മ:ചാത്തോത്ത് മാധവിഅമ്മ.

ഭാര്യ: നാരായണിക്കുട്ടി.മക്കള്‍: പ്രദീപ് (മലേഷ്യ), പ്രവീണ(കോഴിക്കോട്),പ്രസന്ന (ഊട്ടി), പ്രീത (വാഷിംഗ്ടണ്‍), തനൂജ (ആസ്‌ത്രേലിയ).സഹോദരങ്ങള്‍: ജാനകി,പരേതരായ കെ.പി.നാരായണന്‍ നായര്‍,കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍,ലക്ഷ്മി.