കോഴിക്കോട് വലിയങ്ങാടിയും അതീവ ജാഗ്രതയിൽ കച്ചവടക്കാരനുമായി സമ്പർക്കത്തിലേർപ്പെട്ട നൂറോളം പേർ നിരീക്ഷണത്തിൽ

വലിയങ്ങാടിയിലെ കച്ചവടക്കാരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെ വലിയങ്ങാടി അതീവ ജാഗ്രതയിൽ. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നൂറോളം പേരെ നിരീക്ഷണത്തിലാക്കി. 21 പേരാണ് ഇയാളുമായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. 72 പേർ രണ്ടാംഘട്ട സമ്പർക്ക പട്ടികയിലുമുണ്ട്. ഇയാളുടെ കടയുമായി നേരിട്ട് ബന്ധമുള്ള ആറ് പേർ മാത്രമാണ് വലിയങ്ങാടിയിൽ നിന്നുള്ളതെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പറഞ്ഞു. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.

നഗരത്തിൽ തന്നെ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നതും ആളുകൾ എത്തുന്നതുമായ സ്ഥലങ്ങളിൽ ഒന്നാണ് വലിയങ്ങാടി. രോഗം പടരാനുള്ള സാധ്യതയും ഇവിടെ കൂടുതലാണ്. കോർപ്പറേഷൻ പരിധിയിലെ വെള്ളയിൽ കുന്നുമ്മലിൽ ആത്മഹത്യ ചെയ്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഉറവിടമറിയാത്ത രോഗികളുമട എണ്ണം നഗരത്തിൽ വർധിച്ചത്.
കഴിഞ്ഞ ദിവസം കല്ലായിൽ ഗർഭിണിയായിരിക്കെ കൊവിഡ് സ്ഥിരീകരിച്ച യുവതിക്കും എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇരുവരുടെയും സമ്പർക്ക പട്ടികയിൽ നൂറിലേറെ പേർ ഉണ്ട്. കോർപ്പറേഷൻ പരിധിയിലെ മൂന്ന് വാർഡുകളും ഒളവണ്ണയിലെ 19-ാം വാർഡും കണ്ടെയിൻമെന്റ് സോണായി മാറ്റിയിട്ടുണ്ട്. കോർപ്പറേഷനും ആരോഗ്യ വിഭാഗവും നഗരത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. നിയമ ലംഘനം നടത്തിയാൽ കടകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുമെന്നും ആരോഗ്യം വിഭാഗം അറിയിച്ചു.