ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു ; തിരുവനന്തപുരത്ത് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി

ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ തലസ്ഥാനത്ത് സ്ഥിതി കൂടുതല്‍ ആശങ്കാജനകമാകുന്നു. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ പുതുതായി കോവിഡ് സ്ഥിരീകരിച്ച​ത് 17 പേര്‍ക്ക്. രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ലാത്തതിനാല്‍ നഗരത്തിലെ മൂന്ന് മാര്‍ക്കറ്റുകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടി.

രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പൊലീസുകാരനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 28 പേര്‍. മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കി. എ ആര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എആർ ക്യാമ്പിലെ ക്യാന്റീന്‍ അടച്ചു.

എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ജോലി ചെയ്തിരുന്നയാളാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥന്‍. കഴിഞ്ഞമാസം 28നാണ് ആറ്റിങ്ങൽ സ്വദേശിയായ പൊലീസുകാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2727വരെ കണ്ടെയിന്‍മെന്‍റ് സോണായ ആനയറ അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. 26ന് ആലുവയിലേക്ക് യാത്ര ചെയ്തു.
പാറശ്ശാലയില്‍ രോഗം സ്ഥിരീകരിച്ച യുവതിക്കും യാത്രാ പശ്ചാത്തലമില്ല. പൂന്തുറയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ ബന്ധുവിനും രോഗബാധ കണ്ടെത്തി. നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടിയതോടെ ​തലസ്ഥാനത്ത് സമൂഹ വ്യാപന സാധ്യതയുണ്ടെന്നും രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായി സംശയിക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും കരുതലെടുക്കണമെന്നും പറഞ്ഞു.

സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. സമരക്കാര്‍ ചാനലില്‍ മുഖം കാണിക്കാനായി ആഭാസമാണ് നടത്തുന്നതെന്നും വിമര്‍ശിച്ചു. സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ പ്രോട്ടോക്കോള്‍ പാലിക്കണം. നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നു. കടകളിൽ ഇപ്പോള്‍ സാനിറ്റൈസര്‍ പോലും ഇല്ല. അനാവശ്യമായ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക് പോകരുത്. തലസ്ഥാനത്ത് പരിശോധന വര്‍ധിപ്പിക്കും. നഗരം അടച്ചിടില്ല. നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് മുതല്‍ സെക്രട്ടറിയേറ്റില്‍ പരിശോധന കര്‍ക്കശമാക്കി. മാസ്ക്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരും നഗരത്തില്‍ കസ്റ്റഡിയിലായിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച കട അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ മേഖലകള്‍ കണ്ടെയിൻമെന്‍റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവയാണ് പുതിയതായി കണ്ടെയിൻമെന്‍റ് സോണുകളാക്കിയത്. ഇതിനിടെ സാഫല്യം കോംപ്ലക്സിലെ കടയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയം മാർക്കറ്റ് അടച്ചു. ഈ ഭാഗത്തെ തിരക്കേറിയ കടകളും ഹോട്ടലുകളും ചായക്കടകളും ഏഴ് ദിവസത്തേക്ക് അടിച്ചു.

നിലവിൽ കണ്ടെയിൻമെൻറ് സോണുകളായ ആറ്റുകാൽ (വാർഡ് – 70 ), കുരിയാത്തി (വാർഡ് – 73), കളിപ്പാൻ കുളം (വാർഡ് – 69) മണക്കാട് (വാർഡ് – 72), തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48), ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് – 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെന്‍റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.