സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 167 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രണ്ട് പേര്‍ മരിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഇന്നും വര്‍ധിച്ചിട്ടുണ്ട്. 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്തു നിന്ന്‌വന്നവരാണ്. 65 പേര്‍ വന്നത് ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 87കാരനായ മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 65 വയസ്സുള്ള യൂസഫ് എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 2252 പേരാണ്. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 384 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.