തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: അന്വേഷണ ഏജന്‍സിക്ക് സര്‍ക്കാറിന്റെ എല്ലാ പിന്തുണ; അന്വേഷണം ശരിയായ ദിശയിൽ: മുഖ്യമന്ത്രി

തലസ്ഥാനനഗരിയില്‍ സ്വര്‍ണക്കടത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും അന്വേഷണ ഏജന്‍സിക്ക് എല്ലാ വിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് പിടികൂടിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഏതെങ്കിലും കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും പെടുത്താനാകുമോയെന്നാണ് ചിലര്‍ നോക്കുന്നത്. അതിന്റെ ഭാഗമാണ് ബി ജെ പി അധ്യക്ഷന്റെ ആരോപണം. ആരും രക്ഷപ്പെടുന്ന നിലയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കസ്റ്റംസ് ആണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ ദുരാരോപണങ്ങള്‍ ഉന്നയിച്ച് കുറ്റക്കാര്‍ക്ക് പരിരക്ഷ നല്‍കുന്ന നില ബി ജെ പി സ്വീകരിക്കരുത്. എന്ത് അസംബന്ധവും വിളിച്ചുപറയാനൊരു നാക്കുണ്ടെന്ന് വെച്ച് തോന്നിയത് വിളിച്ചുപറയരുതെന്നും, സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.