ഇരുമുന്നണികളുടെയും ഭാഗമാകില്ല; സ്വതന്ത്ര നിലപാട് സ്വീകരിക്കും; നയം വ്യക്തമാക്കി ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണികളുടെ ഭാഗമാകാതെ സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോകും. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. കേരള കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇപ്പോഴും യു പി എയുടെ ഭാഗമാണെന്നും കേരളത്തിലെ യു ഡി എഫില്‍ നിന്ന് മാത്രമാണ് പുറത്താക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും യു ഡി എഫ് വിട്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അന്നും യു പി എക്കൊപ്പം നില്‍ക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. അതൊരു ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ചില കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അവരത് പറഞ്ഞോട്ടെയെന്നും സി പി ഐ നേതാവ് കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ജോസ് കെ മാണി പ്രതികരിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഞ്ചായത്ത് തലം തൊട്ട് ഒറ്റക്കെട്ടായാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച തീരുമാനിച്ചിരുന്ന സ്റ്റിയറ്റിംഗ് കമ്മിറ്റി യോഗം മാറ്റിവച്ചതായും ജോസ് കെ മാണി അറിയിച്ചു.