സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന

യു എ ഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റിലാണ് ഒന്നര മണിക്കൂറിലധികമായി പരിശോധന തുടരുന്നത്. സ്വപ്‌ന സുരേഷ് ഇപ്പോള്‍ ഒളിവിലാണെന്നാണ് അറിയുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകയെന്നു കരുതുന്ന സ്വപ്ന സുരേഷ് യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയാണ്.

കഴിഞ്ഞ ദിവസമാണ് യു എ ഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റിലെ പി ആര്‍ ഒ എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.സ്വപ്നയും സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.