ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു; സര്‍ക്കാറുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല: വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമില്ല. ഏത് ഏജന്‍സി അന്വേഷിക്കുന്നതിനെയും സ്വാഗതം ചെയ്യുന്നു. അന്വേഷണ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

വിമാനത്താവളങ്ങളുടെ വീഴ്ചയില്‍ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണ്. വിമാനത്താവളത്തിലൂടെ കടത്തിയ ഈ പാഴ്‌സല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഏജന്‍സിക്കാണോ വന്നത്? ഇതെങ്ങനെ സംസ്ഥാന സര്‍ക്കാറുമായി ബന്ധിപ്പിക്കാനാകും? മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് പറഞ്ഞത് കസ്റ്റംസ് ഉദ്യോഗസ്ഥനാണ്.

വിവാദ വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ ഐ ടി വകുപ്പുമായോ ഒരു ബന്ധവുമില്ല. ഐ ടി വകുപ്പിന്റെ നിരവധി പ്രൊജക്ടുകളിലെ മാര്‍ക്കറ്റിംഗ് ചുമതലയാണ് വിവാദ വനിതക്ക് ഉണ്ടായിരുന്നത്. പ്ലേസ്‌മെന്റ് ഏജന്‍സി വഴിയായിരുന്നു അവരുടെ കരാര്‍ നിയമനം. വിവാദ വനിതയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നതിനാലാണ് ശിവശങ്കറിനെ നീക്കിയത്. നുണക്കഥകള്‍ക്ക് അല്‍പായുസ്സാണുള്ളത്. കെട്ടിപ്പൊക്കിയ വിവാദങ്ങളോരോന്നും തകര്‍ന്ന് വീഴുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെതിരായ പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നുണകള്‍ക്ക് ചെറിയ ആയുസ് മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസ് സോളാറുമായി ബന്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിനേക്കാള്‍ അപ്പുറമുള്ള പലതിനും നമ്മള്‍ തമ്മില്‍ (മാധ്യമങ്ങള്‍) കണ്ടിട്ടുണ്ട്. അതൊന്നും വിലപ്പോവില്ല. പ്രതിപക്ഷത്തുള്ളവരുടെ മാനസികാവസ്ഥയല്ല ഇടതുമുന്നണിയിലെ നേതാക്കള്‍ക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്താ നിങ്ങള്‍ കരുതിയത്, നിങ്ങളെ പോലെ ഉള്ള മാനസികാവസ്ഥയാണ് എല്ലാവര്‍ക്കുമുള്ളത് എന്നോ. പലതും ഓര്‍മ്മയില്‍ വരുന്നുണ്ടാകും. അതിന് ഇപ്പോള്‍ ഉള്ളവരെ ചേര്‍ക്കേണ്ട. ഞങ്ങള്‍ അത്തരം കളരിയിലല്ല പഠിച്ച് വന്നത്. ഇടതുപക്ഷത്തിന് ഒരു സംസ്‌കാരമുണ്ട്. അത് യു.ഡി.എഫിന്‍േ്‌റതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.