സ്വപ്‌ന സുരേഷിൻറെ ഫ്ലാറ്റിൽ ആറുമണിക്കൂർ റെയ്ഡ്,​ രേഖകൾ പിടിച്ചു; സ്വപ്‌ന ഒളിവിൽ

യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ 15കോടിയുടെ 30.25കിലോഗ്രാം സ്വർണം കടത്തിയതിന് കസ്റ്റംസ് തിരയുന്ന സ്വപ്‌നാസുരേഷ് ഒളിവിൽ തുടരുന്നു. സ്വപ്‌നയുടെ ഫ്ലാറ്റിൽ ഇന്നലെ ആറുമണിക്കൂർ റെയ്ഡ് നടത്തിയ കസ്റ്റംസ് അവരെ കണ്ടെത്താൻ സി.ബി.ഐയുടെ സഹായം തേടി. അതേസമയം,​ സ്വപ്ന ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. വ്യാഴാഴ്ച കസ്റ്റംസിനു മുന്നിൽ കീഴടങ്ങുമെന്നും സൂചനയുണ്ട്.

സ്വപ്‌ന തിരുവനന്തപുരത്തുതന്നെ ഉണ്ടെന്നും ട്രിപ്പിൾലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അവർ തലസ്ഥാനം വിട്ടിട്ടില്ലെന്നുമാണ് നിഗമനം. റെയ്ഡിൽ ലാപ്ടോപ്, രണ്ട് പെൻഡ്രൈവുകൾ, ഹാർഡ് ഡിസ്‌ക്, പഴയ പാസ്പോർട്ട്, ബാങ്ക് പാസ്ബുക്കുകൾ, രേഖകളടങ്ങിയ രണ്ട് ഫയലുകൾ എന്നിവ പിടിച്ചെടുത്തു. രേഖകളിൽ നിർണയാക വിവരങ്ങളുണ്ടെന്നാണ് സൂചന. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കെയർടേക്കറുടെ മൊഴിയും രേഖപ്പെടുത്തി. സ്വപ്നയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ്.

ദുബായിൽ നിന്നെത്തിയ ബാഗ് കസ്റ്റംസ് തുറന്നതായി വിവരം കിട്ടിയപ്പോഴാണ് സ്വപ്‌ന മുങ്ങിയത്. അതിന് തൊട്ടുമുൻപ് ബാഗ് വിട്ടു നൽകാൻ ആവശ്യപ്പെട്ട് അവരുടെ ഫോണിൽ എത്തിയ വിളികൾ കസ്റ്റംസ് ശേഖരിച്ചു. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും​ സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നതരും വിളിച്ചു. കൊച്ചി,​ ഡൽഹി,​ മുംബയ് എന്നിവിടങ്ങളിൽ നിന്നും വിളികളെത്തി. അന്യസംസ്ഥാനത്തു നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വിളിച്ചത്. നയതന്ത്ര ബാഗേജ് പൊട്ടിച്ചെന്ന് ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ വിളികളെല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥർ റെക്കാർഡ് ചെയ്തിട്ടുണ്ട്.

ബാഗ് തുറന്നയുടൻ കൂട്ടുപ്രതി സരിത് മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം നശിപ്പിച്ചു. വിവരങ്ങൾ വീണ്ടെടുക്കാൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്വർണക്കടത്ത് റാക്കറ്റിന്റെ വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു. സരിത്തിന്റെയും സ്വപ്‌നയുടെയും സാമ്പത്തിക നിക്ഷേപങ്ങളും വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചു. മുൻപ് നയതന്ത്രബാഗേജുകൾ വിമാനത്താവളത്തിൽ നിന്ന് ഇവർ ഏറ്റെടുത്തതിന്റെ വിവരങ്ങളും ഈ ദിവസങ്ങളിലെ ഫോൺവിളികളും കസ്റ്റംസ് ശേഖരിക്കും.

കോൺസുലേ​റ്റിലേക്ക് വിദേശത്ത് നിന്ന് വരുന്ന പാഴ്സലുകൾക്കെല്ലാം നയതന്ത്രപരിരക്ഷ നൽകി പരിശോധന ഒഴിവാക്കിയിരുന്നു. കോൺസുൽ ജനറലിന്റെ ഭാര്യയുടെ പേരിലുള്ള പാഴ്സലായിട്ടും നയതന്ത്ര പരിരക്ഷ നൽകി. ഇത്തരം പാഴ്സലുകൾ ഏ​റ്റെടുക്കാൻ കോൺസുലേ​റ്റ് സരിത്തിനെ അനുവദിച്ചിരുന്നു. ഇത് മറയാക്കിയായിരുന്നു സ്വർണക്കടത്തെന്ന് കസ്റ്റംസ് പറഞ്ഞു.