24 മണിക്കൂറിനിടെ രാജ്യത്ത് 22752 കൊവിഡ് കേസുകള്‍; 482 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 482 മരണവും 22752 പുതിയ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്തെ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പല സംസ്ഥാനങ്ങളിലും മെട്രോ നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലേക്കും അതിവേഗം വൈറസ് പടരുന്നതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഇതിനകം വൈറസ് ബാധിച്ചവരുടെ എണ്ണം 719665 ആയി. 439948 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്കും കൂടിവരുന്നത് ആശ്വസം നല്‍കുന്നതാണ്. ഇപ്പോള്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 61 ശതമാനത്തിന് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. 259557 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 60 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്.
ഇതിനകം സമൂഹ വ്യാപനം സംഭവിച്ച മാഹാരാഷ്ട്രയില്‍ രോഗികള്‍ക്കൊപ്പം മരണവും വലിയ തോതില്‍ കൂടിവരുകയാണ്. 24 മണിക്കൂറിനടെ 204 മരണവും 5368 കേസുകളുമാണ് മഹാരാഷ്ട്രയിലഉണ്ടായത്. സംസ്ഥാനത്ത് ഇതിനകം 211987 കേസും 9026 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 114978 കേസും 1571 മരണവുമാണ് കൊവിഡ് മൂലം ഉണ്ടായത്. ഇന്നലെ 3827 കേസുകളും 61 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1379 കേസും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യ തലസ്ഥാനത്ത് ഇതിനകം 100823 കേസും 3165 മരണവുമാണ് ഉണ്ടായത്.

ഗുജറാത്തില്‍ 1960, ഉത്തര്‍പ്രദേശില്‍ 809, തെലുങ്കാനയില്‍ 306, കര്‍ണാടകയില്‍ 401, ബംഗാളില്‍ 779, രാജസ്ഥാനില്‍ 461, മധ്യപ്രദേശില്‍ 617 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളും പുതിയ കേസികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതിനിടെ ബംഗാളില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ തീവ്രമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.