പൂന്തുറയില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് കൊവിഡ്; സ്ഥിതിഗതികള്‍ ആശങ്കാജനകം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകം. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍നിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

ഒരാളില്‍നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര്‍ ദ്വിതീയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പുറത്തുനിന്ന് ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നത് കര്‍ശനമായി തടയുകയും അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്യും. കടല്‍ മാര്‍ഗം ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കുമെന്നന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു. പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.10 അംഗ ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്.