കൊച്ചിയിലും അതീവ ഗുരുതരാവസ്ഥയെന്ന് മന്ത്രി സുനിൽകുമാർ; ട്രിപ്പിൾ ലോക്ക്ഡൗണിന് സാധ്യത

കോവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളത്ത്സ്ഥിതി അതീവഗുരുതരമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ആവശ്യമെങ്കിൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നീങ്ങും. അതീവ ഗുരുതരാവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.രോഗവ്യാപനം കൂടിയ മേഖലകൾ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇവിടം പൂർണമായും അടച്ചിടും. ഈ മേഖലകളിൽ ഒരു ഇളവും നൽകില്ല. ഇവിടെ സാമൂഹിക വ്യാപനം തടയാൻ എല്ലാവരെയും പരിശോധനക്ക് വിധേയരാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലയിൽ ടെസ്റ്റിംഗ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൂൾ ടെസ്റ്റിംഗ് ഊർജിതമാക്കി.

രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിലും ഇളവുകൾ ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതയോടെ പെരുമാറണമെന്നാണ് കലക്ടറുടെ നിർദേശം. ആളുകൾ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ബ്രേക്ക് ദ് ചെയിൻ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാർഡ് തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് എൻഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണമെന്നും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് തല ഉദ്യോഗസ്ഥരും രണ്ട് വൊളന്റിയർമാരും ടീമിൽ ഉണ്ടാവണം. ടീമിന്റെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ നേതൃത്വം നൽകണമെന്നും നിർദേശമുണ്ട്.
അതിനിടെ എറണാകുളം ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. മെഡിക്കൽ, കാർഡിയോളജി വിഭാഗങ്ങളാണ് അടച്ചത്. ഇവിടെ ചികിൽസയിലുണ്ടായിരുന്ന ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

എറണാകുളം ജില്ലയിൽ ഇന്നലെ 21 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ സമ്പർക്കം വഴിയാണ് രോഗബാധിതരായത്. ഇതോടെ ജില്ലയിൽ ചികിൽസയിലുള്ള ആകെ രോഗികളുടെ എണ്ണം 213 ആയി ഉയർന്നു. മുളവുകാട് വാർഡ് 3, കീഴ്മാട് വാർഡ് 4, ആലങ്ങാട് വാർഡ്7, ചൂർണിക്കര വാർഡ് 7, ചെല്ലാനം വാർഡ് 17 എന്നിവയാണ് ഇന്നലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾ.