മലബാര്‍ സമരത്തിൻറെ വര്‍ഗപരവും ദേശീയവുമായ ഉള്ളടക്കത്തെ കുറിച്ച് പിസി ഉണ്ണിച്ചെക്കൻ

മലബാര്‍ സമരത്തിൻറെ വര്‍ഗപരവും ദേശീയവുമായ ഉള്ളടക്കത്തെ കുറിച്ച് അജ്ഞത സൃഷ്ടിച്ച് അതൊരു ഹിന്ദു വിരുദ്ധ കലാപമായി ചിത്രീകരിക്കാനാണ് വര്‍ഗീയ വാദികള്‍ ഉത്സാഹിക്കുന്നത്. അതെന്നും അങ്ങനെയായിരുന്നു. മലബാര്‍ സമരത്തെയും ധീര ദേശാഭിമാനി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ഇസ്‌ലാമോഫോബിയ പടര്‍ത്താനായി അപനിര്‍മിച്ചെടുക്കാനാണ് സംഘ്പരിവാറും തീവ്ര വലതുപക്ഷ വിഭാഗങ്ങളും നോക്കുന്നത്.

ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരോടോപ്പം ചേര്‍ന്നു നിന്ന സവര്‍ണ ജന്മിത്വ വാദികളുമായിരുന്നു സമരത്തെ മാപ്പിള ആക്രമണമായി ചിത്രീകരിച്ചതും അടിച്ചമര്‍ത്തിയതും. ബ്രിട്ടന്റെയും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും അധിനിവേശം സൃഷ്ടിച്ച അടിമത്വത്തിനും ജന്മിത്വത്തിന്റെ നൃശംസതകള്‍ക്കും എതിരായ ഉയിര്‍ത്തേഴുന്നേല്‍പ്പായിരുന്നു മലബാര്‍ സമരം.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള ദേശീയ വിപ്ലവകാരികളെയും മലബാര്‍ സമരത്തെയും അതിന്റെ വര്‍ഗപരമായ ഉള്ളടക്കത്തില്‍ നിന്നും സാര്‍വദേശീയ, ദേശീയ പശ്ചാത്തലത്തില്‍ നിന്നുമാണ് വിലയിരുത്തേണ്ടത്. ചരിത്ര സംഭവങ്ങളെയും അതില്‍ ഇടപെട്ട വ്യക്തികളെയും അത് പ്രവര്‍ത്തിച്ച സാഹചര്യങ്ങളില്‍ നിന്നും അതിനെ നിര്‍ണയിച്ച വര്‍ഗ ശക്തികളില്‍ നിന്നും വിലയിരുത്തുക എന്നതാണ് ശരിയായ രീതി.

മലബാർ കലാപത്തിൻറെ വര്‍ഗപരവും മര്‍ദന വിരുദ്ധവുമായ രാഷ്ട്രീയ ഉള്ളടക്കത്തെയും അതിന്റെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ ഉള്ളടക്കവും വര്‍ഗ രാഷ്ട്രീയവും വിശദീകരിച്ചുകൊണ്ട് പിസി ഉണ്ണിച്ചെക്കൻ സംസാരിക്കുന്നു.