സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ ചുമത്തി എന്‍ഐഎ യുടെ എഫ്‌ഐആര്‍; സരിത്തും സ്വപ്നയേയും ഒന്നും രണ്ടും പ്രതികൾ

സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിനേയും സ്വപ്നയേയും ഒന്നും രണ്ടും പ്രതികളാക്കി എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കി. നിലവില്‍ കസ്റ്റഡിയിലുള്ള സരിത്ത് ഒന്നാം പ്രതിയാണ്. ഒളിവിലായ സ്വപ്ന സുരേഷ് രണ്ടാം പ്രതിയും കൊച്ചി സ്വദേശി ഫൈസല്‍ ഫരീദ് മുന്നാം പ്രതിയുമാണ്. ഇയാള്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായരാണ് നാലാം പ്രതി.

കള്ളക്കടത്ത് കേസിലെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. സ്വപ്ന സുരേഷ് തന്നെ കാർഗോ വിട്ടുകിട്ടാൻ കോൺസുലേറ്റ് രേഖകൾ ഉപയോഗിച്ചെന്ന് അവരുടെ ജാമ്യാപേക്ഷയിൽത്തന്നെ വ്യക്തമാണ്.കള്ളക്കടത്ത് വന്ന കാർഗോ പരിശോധിക്കുന്നതിനിടെ എന്തുകൊണ്ടാണ് കാർഗോ വിട്ടുകിട്ടുന്നത് വൈകുന്നതെന്ന് ചോദിച്ച് സ്വപ്ന സുരേഷ് വിളിച്ചിരുന്നു. കള്ളക്കടത്ത് പിടികൂടി രണ്ട് മണിക്കൂറിനകം സ്വപ്നയുടെ ഫോൺ ഓഫാവുകയും ചെയ്തു. പിന്നീട് അവർ ഒളിവിലാണ്. ഇതിൽ കൃത്യമായും ദുരൂഹതയുണ്ട് എന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു.

രാജ്യത്തിനെതിരായ കള്ളക്കടത്ത് അന്വേഷിക്കാൻ എൻ.ഐ.എ നിയമം ഏജൻസിക്ക് അധികാരം നൽകുന്നുണ്ട്. വിദേശത്ത് കേസന്വേഷണത്തിനുള്ള നിയമപരമായ അധികാരമുണ്ടെന്നതും എൻ.ഐ.എക്ക് അന്വേഷണം സുഗമമാക്കും. യു.എ.ഇയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടും എന്നാണ് എൻ.ഐ.എ കരുതുന്നത്. രാഷ്ട്രീയബന്ധമുള്ള ചിലരുടെ ഉൾപ്പടെ അറസ്റ്റുകൾ നടന്നേക്കാം എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സ്വന്തം ആവശ്യത്തിന് മാത്രമല്ല മറ്റ് ചില സംഘങ്ങൾക്ക് വേണ്ടിയും സ്വപ്നയും സരിത്തും കള്ളക്കടത്ത് നടത്തി എന്നതിന് കൃത്യമായ സൂചനകൾ കസ്റ്റംസിനും എൻ.ഐ.എയ്ക്കും ലഭിച്ചിട്ടുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായകമായ ഒരു കണ്ണിയാണ് സ്വപ്ന എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. സർക്കാർ ഏജൻസികളെയെല്ലാം കബളിപ്പിച്ച് നയതന്ത്ര പരിരക്ഷ മുതലെടുത്ത് സ്വർണക്കടത്ത് സജീവമായി നടത്തിവരികയായിരുന്നു സ്വപ്നയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തിൽ നിർണായകമാണെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. സന്ദീപ് നായർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണെന്നും എൻ.ഐ.എ പറയുന്നു.

അതേസമയം യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നും പരിശോധിച്ച് വരികയാണ്.തിരുവനന്തപുരത്തെ സ്വർണക്കടത്തിന് ഐസിസ് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചത് കാരണമാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.ഐസിസ് റിക്രൂട്ട്മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് കേന്ദ്രത്തിന് ലഭിച്ചിരുന്നു.

സമാനമായി കേരളത്തിൽ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.അന്വേഷണത്തിനായി യു.എ.ഇയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കുന്ന കാര്യവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.ഇപ്പോഴത്തെ സ്വർണക്കടത്ത് കേസിൽ ഒതുങ്ങാതെ, വ്യാപക അറസ്റ്റുകൾ നടക്കാനുള്ള സാദ്ധ്യതയിലേക്കാണ് കേന്ദ്ര സർക്കാർ വിരൽ ചൂണ്ടുന്നത്. അതുപോലെതന്നെ രാജ്യവിരുദ്ധ നീക്കങ്ങൾക്കായുള്ള പണം കണ്ടെത്താനും ഇവർ സ്വർണക്കടത്ത് നടത്തുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ പശ്ചാത്തലമുള്ള ചിലരുടെ നീക്കങ്ങളും എൻ.ഐ.എ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാര്യമായ പങ്കാളിത്തവും കേസിലുണ്ടാകും. തുടർന്ന്, കള്ളക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേരുടെ അറസ്റ്റുകൾ നടക്കാനും സാദ്ധ്യതയുണ്ട്. കള്ളക്കടത്തിലെ വിദേശബന്ധങ്ങളെ കുറിച്ച് യു.എ.ഇ കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ആസൂത്രിതമായ സ്വർണക്കടത്ത് സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ അന്വേഷണത്തിനായി എൻ.ഐ.എയെ നിയോഗിച്ചത്. വിഷയം സംബന്ധിച്ചുള്ള പ്രാഥമിക പരിശോധനകൾ എൻ.ഐ.എ നടത്തിയിരുന്നു. സ്വർണം എന്താവശ്യത്തിനാണ് കേരളത്തിലേക്ക് എത്തിയതെന്നും എൻ.ഐ.എ അന്വേഷിക്കും. ഇതോടൊപ്പം കേരളത്തിലേക്ക് സ്വർണം എത്തുന്ന വഴിയെക്കുറിച്ചും അന്വേഷണമുണ്ടാകും.