കേന്ദ്രത്തിന്റേത് ശരിയായ നിലപാട്; എൻ ഐ എ അന്വേഷണം ആരിലേക്ക് എത്തിച്ചേരുമെന്ന് കരുതി പലർക്കും നെഞ്ചിടിപ്പ് തുടങ്ങി: മുഖ്യമന്ത്രി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം നടത്താൻ എൻ.ഐ.എ പറ്റില്ലെന്നും സി.ബി.ഐ ആകാമെന്നും പ്രതിപക്ഷ നേതാക്കൾ നിലപാടെടുക്കുന്നത് എന്തുകൊണ്ടെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും കുറ്റവാളികളെ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.’

അതിന്റെ ഭാഗമായി മറ്റുവഴിക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിട്ടേ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ കാണേണ്ടതുള്ളൂ. മുൻപുള്ള കള്ളക്കടത്തുകൾ കൂടി അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞതായി കാണുന്നുണ്ടെന്നും അങ്ങനെ വരുമ്പോൾ അന്വേഷണം ആരിലൊക്കെയാണ് എത്തിച്ചേരുക എന്ന നെഞ്ചിടിപ്പുകളും പലര്‍ക്കും വന്നു തുടങ്ങുന്നുണ്ടാകുംമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. വേണമെങ്കില്‍ നാടിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന ഇത്തരം അതിതീവ്രമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക നിയമം വേണോ എന്ന് ആലോചിക്കാവുന്നതാണ്. അന്വേഷണം ആരംഭിക്കുന്നതിന് മുൻപുതന്നെ എന്തുകൊണ്ടാണ്ഏജന്‍സി പറ്റില്ലെന്നെ പറയുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്‍ഐഎ അന്വേഷണം ആരംഭിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആലോചിക്കുന്നവരാണ് എന്‍ഐഎയെ എതിര്‍ക്കുന്നതെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നും അക്കാര്യത്തിൽ പ്രയാസപ്പെടുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

യു.ഡി.എഫ് നേതാക്കളാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂത്ത് കോൺഗ്രസ് നേതാവ് ആന്റിജൻ ടെസ്റ്റിനെതിരെ വ്യാജപ്രചരണം നടത്തി. തെരുവിൽ ഇറങ്ങിയാൽ സർക്കാർ സഹായം ലഭിക്കുമെന്ന് അവർ പറഞ്ഞു. പൂന്തുറയിലെ പ്രശ്നം പൂന്തുറയിലേതെന്ന് പറയുന്നത് ജാഗ്രത ഉയർത്താണെന്നും ആരെയും വിഷമിപ്പിക്കാനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.