ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് നഴ്‌സുമാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരുമായി അടുത്തിടപഴകിയ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ പോയിരുന്നു. ഇതോടെ ആശുപത്രി അടക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കി.

കൊവിഡ് കാലത്തെ അശ്രദ്ധ സംസ്ഥാനത്ത് ഏതു നിമിഷവും സൂപ്പര്‍ സ്പ്രെഡിനും സാമൂഹിക വ്യാപനത്തിനും ഇടയാക്കിയേക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. അശ്രദ്ധ സ്വന്തം ജീവന്‍ മാത്രമല്ല പ്രിയപ്പെട്ടവരുടെതു കൂടിയാണ് അപകടത്തിലാക്കുക. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാതെ നോക്കണം. അതീവ ശ്രദ്ധ പുലര്‍ത്തിയാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പോലുള്ളവ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാം.കൊവിഡ് ഭേദപ്പെട്ടവര്‍ ഏഴു ദിവസം വീട്ടില്‍തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണം. വീട്ടുകാരും വാര്‍ഡുതല സമിതിയും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണെന്നും ഇത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെ ടെസ്റ്റ് കൂട്ടാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പി.കെ ബാലകൃഷ്ണന്‍ (79) ആണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം.