സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം ശിവശങ്കറിലേക്കും; തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിലേക്കും കസ്റ്റംസ് അന്വേഷണം നീളുന്നു. ശിവങ്കര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം വാടയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കസ്റ്റംസ് ഇന്നലെ പരിശോധന നടത്തി. വൈകിട്ടായിരുന്നു കസ്റ്റംസ് സംഘമെത്തിയത്.

കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശിവശങ്കറിന് ഇടപാടില്‍ പങ്കുള്ളതായി സൂചന ലഭിച്ചത്. സരിത്തും സ്വപ്‌നയും ശിവശങ്കറിന്റെ ഈ ഫ്‌ളാറ്റില്‍ എത്തിയിരുന്നതായാണ് വിവരം. സെക്രട്ടേറിയറ്റിനു സമീപം നബാര്‍ഡിന് എതിര്‍വശത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ആറാം നിലയിലാണ് ശിവശങ്കര്‍ വാടയ്ക്ക് എടുത്ത ഫ്‌ളാറ്റ്.

അതേസമയം, ശിവശങ്കര്‍ തിങ്കളാഴ്ചയോടെ ഫ്‌ളാറ്റില്‍ നിന്ന് പോയിരുന്നുവെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കുന്ന സൂചന. പോലീസ് വാഹനത്തില്‍ സ്ഥലത്തുനിന്നും പോയ ശിവശങ്കരന്‍ പിന്നീട് തിരുച്ചുവന്നിട്ടില്ലെന്നും പറയുന്നു. ഇന്നലെ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റിലെ കെയര്‍ ടേക്കറുടെ ഒപ്പ് വാങ്ങിയിരുന്നുവെന്നും സെക്യുരിറ്റി പറയുന്നു.
മുന്‍പും വിവാദത്തിന് ഇടയാക്കിയതാണ് ഈ ഫ്‌ളാറ്റ് സമുച്ചയം. റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനത്തിനായി ഈ കെട്ടിടത്തിലെ ഒന്നാം നിലയിലെ ഫ്‌ളാറ്റ് ലക്ഷങ്ങള്‍ മുടക്കി വാടകയ്ക്ക് എടുത്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സെക്രട്ടേറിയറ്റില്‍ കെട്ടിട സൗകര്യമുള്ളപ്പോള്‍ വലിയ തുക കൊടുത്ത് വാടകകയ്ക്ക് ഓഫീസ് എടുത്തതാണ് വിവാദത്തിന് കാരണം.

അന്വേഷണവുമായി സഹകരിക്കുമെന്നും ഈ സാഹചര്യത്തില്‍ കൂടുതലൊന്നും പ്രതികരണത്തിനില്ലെന്നും എം.ശിവശങ്കര്‍ ഒരു ദൃശ്യമാധ്യമത്തോട് പറഞ്ഞു. എല്ലാ വിവാദങ്ങളും അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.