സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് പോലീസ് സംരക്ഷണം നൽകണമെന്ന്: ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തിനുള്ളില്‍ തനിക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് ലൂസി കളപ്പുരയുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നുള്‍പ്പെടെ തനിക്ക് പതിവായി ഭീഷണി നേരിടേണ്ടി വരുന്നതായി ലൂസി കളപ്പുര പറഞ്ഞിരുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ നിര്‍ണായക മൊഴികള്‍ നല്‍കിയത് ലൂസി കളപ്പുരയാണ്. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ സഭയ്ക്കകത്തും, പുറത്തുനിന്നും വധ ഭീഷണി വരെ ഉണ്ടായതായി ലൂസി കളപ്പുര പറഞ്ഞിരുന്നു. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

സിസ്റ്റർ ലൂസി മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്‍സിസി മാനന്തവാടി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംരക്ഷണമാവശ്യപ്പെട്ട് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. സഭാ നേതൃത്വവുമായുള്ള അസ്വാരസ്യത്തെതുടർന്ന് സിസ്റ്റർ ലൂസിക്കെതിരെ നടപടിയെടുത്തിരുന്നെങ്കിലും സിസ്റ്റർ കാരയ്ക്കാമല മഠത്തിൽ താമസം തുടരുകയായിരുന്നു. മഠവുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ സംഭവങ്ങളാണ് പൊലീസ് സംരക്ഷണ ഹർജിയിൽ കലാശിച്ചത്.
എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളിയിരുന്നു. എന്നാൽ എന്ത് സംഭവിച്ചാലും താൻ മഠം വിട്ട് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാമെന്ന് സ്വപ്നം കാണേണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

സന്യാസി സഭയില്‍ നിന്നു പുറത്താക്കിയ നടപടി നിര്‍ത്തിവയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര രണ്ടാമത്തെ അപ്പീൽ നൽകിയത്. എന്നാൽ ഇതും വത്തിക്കാൻ തള്ളുകയായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്‌സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.