കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും സമൂഹത്തെയാകെ അപകടപ്പെടുത്താനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും സമൂഹത്തെയാകെ അപകടപ്പെടുത്താനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ തെറ്റായ പ്രചാരണങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ യു ഡി എഫ് നേതാക്കളാണ് അതിന് മുന്നില്‍ നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടകരമായ പ്രവണതകള്‍ സംസ്ഥാനത്തെ ഗുരുതര സ്ഥിതിയിലേക്കാണ് നയിക്കുക. മുന്‍കരുതലുകളില്‍ വീഴ്ച വന്നാല്‍ ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം വൃഥാവിലാകും. രോഗം നമുക്കിടയിലും എപ്പോള്‍ വേണമെങ്കിലും നിയന്ത്രണാതീതമായി പടരാം. അതിന് ഇടവരുത്തുന്ന കാര്യങ്ങളുണ്ടാവാന്‍ പാടില്ല. അക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

രോഗസാധ്യതയുള്ളവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പ് പ്രചാരണം നടത്തി. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ ജലദോഷം ഉണ്ടെങ്കില്‍പ്പോലും പോസിറ്റീവാകുമെന്നും നിരീക്ഷണ കേന്ദ്രത്തില്‍ പോയാല്‍ കൊവിഡ് ബാധിക്കുമെന്നും മറ്റും പ്രചരിപ്പിച്ചു. ഇതിനു പുറമെ, ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോട് പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നും പ്രചാരണം നടത്തി.
തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും പ്രത്യേക സഹായം ലഭിക്കുമെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളടക്കം നിരവധി പേരാണ് ചെറിയമുട്ടത്ത് തടിച്ചുകൂടിയത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളായ തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭിക്കുന്നില്ല, ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാന്‍ കടകള്‍ വൈകീട്ടുവരെ തുറന്നുവക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് വൈകുന്നേരം പ്രഖ്യാപിക്കുന്നതെങ്കിലും മൂന്ന് സ്ഥലത്തെയും രോഗികളുടെ കണക്ക് ചേര്‍ത്ത് പൂന്തുറയെന്ന പേരിലാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും, ഇത് പൂന്തുറയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.

പൂന്തുറയിലെ പ്രശ്നം പറയുമ്പോള്‍ മറ്റൊരു സ്ഥലത്തിന്റെ പേര് പറയാനാകില്ലെന്നും പൊന്നാനി, കാസര്‍കോട്, ചെല്ലാനം തുടങ്ങിയ പ്രദേശങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അത് പറയുന്നത് ആരോടെങ്കിലും വിരോധമുള്ളതു കൊണ്ടല്ല. ജാഗ്രത പാലിക്കാനാണ്. മഹാമാരിയെ നേരിടുമ്പോള്‍ പ്രയാസങ്ങളുണ്ടാകും. അത് സഹിക്കേണ്ടിവരും. ജീവന്റെ സംരക്ഷണമാണ് പ്രധാനം. പ്രതിരോധവുമായി സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.