സ്വർണ്ണക്കടത്ത് കേസ്:‌ സ്വപ്ന സുരേഷിനേയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. വാളയാര്‍ വഴിയാണ് സംഘം പ്രതികളെയും കൊണ്ട് കേരളത്തില്‍ എത്തിയത്. 11.15 ഓടെയാണ് ബെംഗളൂരുവില്‍നിന്നുള്ള എന്‍.ഐ.എ. സംഘം പ്രതികളുമായി വാളയാര്‍ അതിര്‍ത്തി കടന്നത്.

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് രാത്രിയില്‍ കേരളത്തിലേക്ക് പുറപ്പെടാതിരുന്നത്. മൂന്ന് വാഹനങ്ങളിലായാണ് എന്‍.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. പുലർച്ചെ ബംഗളുരുവിൽനിന്ന് തിരിച്ച സംഘത്തിന്‍റെ വാഹനം കുതിരാനിൽവെച്ച് കേടായതിനെ തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വപ്നയെയും സന്ദീപിനെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കൊച്ചിയിലെത്തിയ എൻഐഎ സംഘം സ്വപ്നയെ വൈദ്യപരിശോധനയ്ക്ക് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കി. സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.

പ്രതികളെ ഉച്ചയോടെ കൊച്ചിയിലെ എന്‍.ഐ.എ. കേന്ദ്രത്തില്‍ എത്തിച്ചു. ഇരുവരെയും എന്‍.ഐ.എ.യും കസ്റ്റംസും ചോദ്യംചെയ്തു. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. NIA സ്പെഷ്യൽ ജഡ്ജ് P. കൃഷ്ണകുമാറിന് മുന്നിലാണ് പ്രതികളെ ഹാജരാക്കി റിമാൻഡ് ചെയ്തത്.
എന്‍ഐഎ കോടതി സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരേയും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക്മാറ്റും . അങ്കമാലി കറുകുറ്റിയിലെ കൊവിഡ്‌ കെയര്‍ സെന്റിലേക്കാവും സന്ദീപിനെ മാറ്റുക. സ്വപ്നയെ തൃശൂരിലുള്ള കൊവിഡ്‌ കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നാണ് വിവരം.

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം. നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാല്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. തുടര്‍ന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.

എൻഐഎയ്ക്ക് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകരും, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും എൻഐഎ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.