സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; കേരളാ പ്ലസ് ടു ഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും

സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 88.78 ശതമാനം വിദ്യാര്‍ഥികളാണ് വിജയം നേടിയത്. cbseresults.nic.inഎന്ന വെബ്സൈറ്റില്‍നിന്ന് ഫലം അറിയാം. നേരത്തെ സി ബി എസ് ഇ സുപ്രീം കോടതിയില്‍ അറിയിച്ചതിലും രണ്ടുദിവസം മുമ്പാണ് ഫലം പ്രസിദ്ധീകരിച്ചത്.

പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.

അതെ സമയം സ്റ്റേറ്റ് സിലബസിലുള്ള ഹയർ സെക്കൻഡറി പരീക്ഷ ഫലം മറ്റന്നാൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.
ജൂലൈ രണ്ടാം വാരത്തിൽ തന്നെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് ഫലപ്രഖ്യാപനം അൽപം വൈകാൻ കാരണമായത്. മാ‍‍ർച്ച് പകുതിയോടെ ആരംഭിച്ച ഹയ‍ർ സെക്കൻഡറി പരീക്ഷകൾ കൊവിഡിനെ തുട‍ർന്ന് പകുതിക്ക് മുടങ്ങിയിരുന്നു.

പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. 2032 പരീക്ഷ കേന്ദ്രങ്ങളിലായി അഞ്ചേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാർതിഥികളാണ് പരീക്ഷയ്ക്ക് ഹാജരായി.