പാലത്തായി പീഡന കേസ്: കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് വനിതാ നേതാക്കള്‍ നിരാഹാര സമരം നടത്തി

സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് വിദ്യാർത്ഥിയെ പീഡിപ്പിച്ച ബി ജെ പി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കള്‍ നിരാഹാര സമരവും വെര്‍ച്വല്‍ പ്രതിഷേധവും നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പത്ത് വനിതകളാണ് നിരാഹാരമനുഷ്ഠിച്ചത്. ഇന്ന് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയായിരുന്നു നിരാഹാര സമരം.

രമ്യ ഹരിദാസ് എം പി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര, മറുവാക്ക് എഡിറ്റര്‍ അംബിക, ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന അധ്യക്ഷ അമ്മിണി കെ വയനാട്, എം എസ് എഫ് ദേശീയ ഉപാധ്യക്ഷ അഡ്വ. ഫാത്തിമ തഹ്‌ലിയ. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന അധ്യക്ഷ കെ കെ റൈഹാനത്ത്, ചലച്ചിത്ര താരം ജോളി ചിറയത്ത്, മാധ്യമപ്രവര്‍ത്തക പ്രമീള ഗോവിന്ദ്, സിനിമാ പ്രവര്‍ത്തക പി എം ലാലി എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്. ഇതോടൊപ്പം പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 2.30ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വെര്‍ച്വല്‍ പ്രതിഷേധവും നടത്തി. പരിപാടിയില്‍ വനിതാസംഘടന നേതാക്കളും ആക്ടിവിസ്റ്റുകളും പങ്കെടുത്തു.
സാംസ്‌കാരിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയാണ് പ്രതിഷേധ പരിപാടികള്‍ ഏകോപിപ്പിച്ചത്. കേസില്‍ കുറ്റപത്രം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തു നല്‍കിയതിനു പിന്നാലെയാണ് ശ്രീജ നെയ്യാറ്റിന്‍കര പ്രമുഖ വനിതാ നേതാക്കളെ സമര രംഗത്തെത്തിച്ചത്.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കേസിലെ പ്രതിയായ പത്മരാജന് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ, അറസ്റ്റിലായി 86 ദിവസം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതി പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം, പത്മരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.