കവി വരവരറാവുവിന്റെ ആരോഗ്യനില അപകടത്തിലെന്ന് കുടുംബം

ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായ കവിയും പ്രാസംഗികനും അധ്യാപകനും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യം വഷളായികൊണ്ടിരിക്കുകയാണെന്ന് കുടുംബം. അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

81കാരനായ കവി ഇപ്പോള്‍ മഹാരാഷ്ട്രയിലെ നവി മുംബൈയിലെ തലോജ ജയിലിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നതില്‍ ആശങ്കയുണ്ടെന്ന് വരവരറാവിന്റെ ഭാര്യയും മക്കളും ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വരവരറാവു 22 മാസമായി ജയിലിലാണ്‌. അദ്ദേഹത്തിന് സ്മൃതിഭ്രംശം സംഭവിക്കുകയാണെന്നും പരസഹായമില്ലാതെ നടക്കാനാകാത്ത സ്ഥിതിയാണെന്നും അടിയന്തരചികിത്സ ഉറപ്പാക്കണമെന്നും ഭാര്യ പി ഹേമലത, മക്കളായ സഹജ, അനല, പവന എന്നിവർ ആവശ്യപ്പെട്ടു.

തെലുംഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമാണ് വി.വി. എന്നറിയപ്പെടുന്ന വെണ്ട്യാല വരവരറാവു . സമകാലീന ഭാരതീയ വിപ്ലവ കവിതയിലെ ഏറ്റവും പ്രശസ്തനായ സർഗ്ഗവ്യക്തിത്വമാണ് അദ്ദേഹം.
മെയ് 28ന് അബോധാവസ്ഥയിലായ വരവരറാവുവിനെ മുംബൈയിലെ ജെ ജെ ആശൂപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം മുതലാണ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതെന്നും കുടുംബം പറഞ്ഞു. അദ്ദേഹത്തെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കാണമെന്നും അവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

2മാസമായി റാവു ജയിലിലാണ്. ജൂലൈ പതിനൊന്നിനാണ്‌‌ അവസാനമായി കുടുംബാംഗങ്ങളോട്‌ ഫോണിൽ സംസാരിച്ചത്‌. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍‌ 70 വർഷം മുമ്പുനടന്ന മാതാപിതാക്കളുടെ ശവസംസ്‌കാരത്തെക്കുറിച്ചാണ്‌ മറുപടി നൽകിയത്‌. ഭാഷ തെലുങ്കില്‍നിന്ന് ഹിന്ദിയിലേക്ക് മാറിപ്പോകുന്നുവെന്നും കുടുംബാം​ഗങ്ങള്‍ പറഞ്ഞു. ജാമ്യാപേക്ഷ എൻഐഎയുടെ എതിർപ്പിനെത്തുടർന്ന്‌ അഞ്ചു തവണ‌ തള്ളി‌. വരവരറാവു അടക്കം ഭീമ കൊറഗാവ്‌ കേസില്‍ ജയിലിലുള്ളവരോട് കോവിഡ് മഹാമാരിക്കാലത്ത് ‌ മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്ക്‌ കത്തയച്ചിരുന്നു.