കേരളം കൊവിഡ് വ്യാപനത്തിൻറെ മൂന്നാം ഘട്ടത്തിൽ; അടുത്തത് സാമൂഹിക വ്യാപനം; എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും

സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 70000വരെ എത്താമെന്നും ആഗസ്റ്റില്‍ ഓരോ ജില്ലയിലും കൊവിഡ് രോഗികളുടെ എണ്ണം 5000വരെ എത്താമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളം ഈ മാസം 27ന് നടത്താനും തീരുമാനമായി. ധനബില്‍ പാസാക്കുന്നതിനാണ് സഭ ചേരുന്നത്.

സമാന സ്വഭാവമുള്ള അഞ്ചുവകുപ്പുകള്‍ ഏകോപിപ്പിച്ച് തദ്ദേശഭരണ പൊതുസര്‍വീസ് രൂപവത്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്, തദ്ദേശം, ഗ്രാമ-നഗര ആസൂത്രണം എന്നീ വകുപ്പുകളാണ് ഏകോപിപ്പിച്ച് ഒരു ഡയറക്ടറേറ്റിനു കീഴിലാക്കുക. ഈ വകുപ്പുകളിലെ 30,000-ല്‍പ്പരം ജീവനക്കാര്‍ ഇനി ഒറ്റവകുപ്പിനു കീഴിലാകും.

കേരളം കൊറോണവൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. അടുത്തത് സാമൂഹിക വ്യാപനമാണ്. ഈ വര്‍ഷം അവസാനത്തോടെയേ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്തും തിരുവനന്തപുരത്തും മറ്റ് ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ട്. സാമൂഹിക വ്യാപനത്തിന്റെ സൂചനയാണിത്. അത് തടയുന്നതിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമെനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടമായ സ്‌പൊറാഡിക്, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം- കസ്റ്റേഴ്‌സ്, സാമൂഹിക വ്യാപനം എന്നിവയാണ് ഈ ഘട്ടങ്ങള്‍.

14 ഐ എ എസ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍മാരുടെ സഹായത്തിനായി നിയോഗിച്ചു. ആറ് മാസമായി നാം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കുമെല്ലാം തളര്‍ച്ച അനുഭവപ്പെടുന്നത് നാം കാണേണ്ടതുണ്ട്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കാതെ ഇടപഴകുന്നതാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന് കാരണം. ജനങ്ങളുടെ ഉദാസീനതയാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടയില്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേര്‍ത്ത് ബ്ലോക്കിലേക്ക് പ്രതിഷേധവുമായി എത്തിയത്. മന്ത്രിസഭാ യോഗം നടന്ന ശേഷം മന്ത്രിമാര്‍ പുറത്തേക്ക് വരുന്ന സമയത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.