സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഓണത്തിന് മുമ്പ് വിതരണം ചെയ്യും: തോമസ് ഐസക്

കൊവിഡ് സാഹചര്യത്തില്‍ മെയ്, ജൂണ്‍ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെന്‍ഷന്‍ വിതരണം ചെയ്യുക . അടച്ച് പൂട്ടല്‍ സാഹചര്യത്തിലാണ് പതിവ് തെറ്റിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

സാമൂഹ്യസുരക്ഷപെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഏകദേശം 48.5ലക്ഷം പേര്‍ക്ക് ഇത് ആശ്വാസമാകും. ക്ഷേമനിധി ബോര്‍ഡുകളില്‍ 11 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.

22 വരെ മസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കും പുനര്‍വിവാഹിതയല്ലെന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും രണ്ടു മാസത്തെ പെന്‍ഷന്‍ ലഭിക്കും.

ഈ വര്‍ഷം ആദ്യമായി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മസ്റ്റര്‍ നിര്‍ബന്ധമല്ല. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസത്തെ വിധവപെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക്, ആ തുകയും ഇത്തവണ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.