ശിവശങ്കറിന് സസ്‌പെന്‍ഷന്‍; വകുപ്പുതല അന്വേഷണം തുടരും

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശിവശങ്കറിനെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധം സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായി സമിതി കണ്ടെത്തിയിരുന്നു.

ഐ ടി വകുപ്പുമായി ബന്ധപ്പെട്ട നിയമനങ്ങളിലും ക്രമക്കേടുള്ളതായി സൂചിപ്പിച്ച മുഖ്യമന്ത്രി, റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും പറഞ്ഞു.

ശിവശങ്കര്‍ തുടരുന്നത് കൂടുതല്‍ ബാധ്യതയാകുമെന്നാണ് സര്‍ക്കാറിന്റെയും സി പി എമ്മിന്റെയും വിലയിരുത്തല്‍. സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

2000ലാണ് ശിവശങ്കറിന് ഐഎഎസ് കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നത്. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്പോഴാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത്.