Sunday, September 19, 2021

Latest Posts

അയ്യപ്പൻ കമ്യൂണിസ്റ്റോ, ഫെമിനിസ്റ്റോ, എൽഡിഎഫ് ന് ഒപ്പമോ, ഒന്നുമല്ല; മലയാളിയുടെ നൈതിക യുക്തിയെ കൊലക്കു കൊടുക്കരുത്!

✍️ ലിബി. സി.എസ്

അയ്യപ്പൻ കമ്യൂണിസ്റ്റ് ആണെന്നോ അയ്യപ്പൻ ഫെമിനിസ്റ്റ് ആണെന്നോ അയ്യപ്പൻ എൽഡിഎഫ് ന് ഒപ്പമെന്നോ ഒക്കെ പ്രചരിപ്പിക്കാതിരിക്കുക! ഏതെങ്കിലും അന്ധവിശ്വാസ കേന്ദ്രത്തിലെ പ്രതിമയല്ല കേരള രാഷ്ട്രീയം നിശ്ചയിക്കുന്നത്.

അയ്യപ്പ രാഷ്ട്രീയം വാസ്തവത്തിൽ ബിജെപി അജണ്ട പോലും ആയിരുന്നില്ല.പിന്നല്ലേ എൽഡിഎഫ് ന്? അത് എൻഎസ്എസ് അജണ്ടയാണ് അതോടപ്പം ചില തീവ്ര ഹിന്ദുത്വവാദികളും ശബരിമല ലക്‌ഷ്യം വെച്ച് പത്തുവർഷം മുൻപ് തന്നെ ഫണ്ടിങ് പ്രവർത്തനം നടത്തിയിരുന്ന ഒരു ടെലിവിഷൻ അവതാരത്തിന്റെയും വിവരക്കേട് ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്നതിനാൽ ബിജെപി ക്ക് ഏറ്റെടുക്കേക്കണ്ട ഗതികേടിൽ എത്തിയതാണ്. ഉത്തരേന്ത്യയിലേതുപോലെ ഏതെങ്കിലും ക്ഷേത്രത്തിലെ പ്രതിമയാണ് കേരളത്തിൻറെ രാഷ്ട്രീയം തീരുമാനിക്കുന്നത് എന്ന് വരുത്തിത്തീർക്കുന്നത് അരാഷ്ട്രീയ വാദവും രാഷ്ട്രീയ ബോധമുള്ള കേരള ജനതയെ പരിഹസിക്കലും ഒപ്പം മറ്റു മതസ്ഥരെയും മത രഹിതരെയും അപമാനിക്കലുമാണ്.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു. അത് പിറ്റേന്നത്തെ പത്രം എടുത്തൊന്ന് റഫർ ചെയ്താൽ മനസിലാകും. എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്ന് വിധി വന്നയുടനെ പറയുകയും ചെയ്തു. വിധി നടപ്പിലാക്കാനുള്ള കരുത്ത് ഇടതുപക്ഷ സർക്കാരിനുണ്ടെന്ന് കേരളത്തിൽ എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. അത് നടപ്പിലാക്കുകയും ചെയ്തു. കേരളത്തെ ലോകത്തിന് മുന്നിൽ നാണംകെടുത്തിയ ശൂദ്ര ആർത്തവ ലഹളയൊന്നും കൂടാതെ തന്നെ മൊത്തത്തിൽ വളരെ സുഗമമായി അതങ്ങ് നടപ്പിലാക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും അതിനോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ.

എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരം’ വും ശബരിമലയും ദേവസ്വം ബോർഡും കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കുന്ന സമുദായമായ എൻഎസ്എസ് ഉം മലയാളത്തിലെ ചില ദൃശ്യ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു. അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു . കമ്മ്യൂണിസ്റ്റു വീടുകളിലെ ചില ഹൈന്ദവ മനസ്സുകളും മറിച്ചു ചിന്തിച്ചു തുടങ്ങി.
കേരളത്തിൻറെ സാംസ്‌കാരിക ചരിത്രത്തില് “മനുഷ്യന് മനുഷ്യത്വമാണ് മതം” എന്ന് മലയാളിയെ പഠിപ്പിച്ച അരുവിപ്പുറത്തെ നാരായണൻറെ ധിക്കാര പ്രതിഷ്ഠയ്ക്ക് അപ്പുറമല്ല ഒരു അയ്യപ്പനും നെയ്യപ്പനുമെന്ന് ചരിത്ര ബോധമുള്ള മലയാളിക്ക് നന്നായി അറിയാം. നാരായണൻ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസത്തിന്റെ വിത്തുപാകിയത്. ഏതെങ്കിലും പൊട്ടക്കഥയിലെ കഥാപാത്രത്തിന് അത് തകർക്കാനാവുമെന്നതും അവിടെ ഒരു അന്ധവിശ്വാസ കേന്ദ്രത്തിലെ പ്രതിമയെ പ്രതിഷ്ഠിക്കാമെന്നതും സുകു നായരുടെ വെറും സ്വപ്‌നമാണെന്ന്‌ കേരള ജനത അറിയിച്ചു കൊടുത്ത ദിവസമാണ് ഇന്നലെ.

ഉത്തരേന്ത്യൻ മോഡൽ അതുവഴി അഡോപ്റ്റ്‌ ചെയ്യാൻ കേരളത്തിൽ പറ്റില്ലെന്ന് വിവരമുള്ള എല്ലാ രാഷ്ട്രീയക്കാർക്കും അറിയാം. ബിജെപി മാത്രമല്ല ഉത്തരേന്ത്യൻ സ്വത്വ രാഷ്ട്രീയം കേരളത്തിൽ ഓടില്ലെന്ന് ബിഎസ്പി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മോഡൽ അഡോപ്റ്റ്‌ ചെയ്യാൻ ശ്രമിച്ച ദളിത് രാഷ്ട്രീയക്കാർക്കും മനസിലായിട്ടുള്ളതാണ്. ബിജെപി പോലും കേരളത്തിൽ രാഷ്ട്രീയം പറഞ്ഞുതന്നെയാണ് വളർന്നത്. അല്ലാതെ ഉത്തരേന്ത്യൻ മോഡൽ ഇറക്കിയല്ല. കെ സുരേന്ദ്രന്റെ പോലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ മുൻ നിലപാടെന്തെന്ന് എല്ലാവർക്കും അറിവുള്ളതല്ലേ?
എന്നാൽ ചെവിയിൽ പൂടക്കാരൻ സുകുനായരുടെ അജണ്ട രമേശൻ നായരെക്കൊണ്ടും സുവർണ്ണാവസര സ്വപ്‌നങ്ങൾ നൽകി ശ്രീധരൻ പിള്ളേച്ചനെ കൊണ്ടും അംഗീകരിപ്പിക്കാനും തെരുവിലിറക്കിക്കാനും അയാൾക്കായി എന്നത് വാസ്തവമാണ്.
യുപിയോ ഗുജറാത്തോ ഒന്നും കേരളത്തിൽ ആവർത്തിക്കില്ല. കേരളത്തിലെ ബഹു ഭൂരിപക്ഷം ജനതയും രാഷ്ട്രീയ ബോധമുള്ളവരാണ്. ഒരയ്യപ്പനും അതിൽ ഒന്നും ചെയ്യാനാവില്ല.

തമാശയക്കാണെങ്കിലും അയ്യപ്പൻ കമ്യൂണിസ്റ്റ് ആണെന്നോ അയ്യപ്പൻ ഫെമിനിസ്റ്റ് ആണെന്നോ അയ്യപ്പൻ എൽഡിഎഫ് ന് ഒപ്പമെന്നോ ഒക്കെ പ്രചരിപ്പിക്കാതിരിക്കുക! ആ പൊട്ടക്കഥയിലെ കഥാപാത്രമായ അയ്യപ്പൻ കമ്യൂണിസ്റ്റാണെന്ന് പറയുന്നത് “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാൻ” പറഞ്ഞ ഏറ്റവും യാഥാസ്ഥിതികമായ നിലപാടുള്ള യേശു കഥാപാത്രത്തെ വിപ്ലവകാരി ആക്കുന്നത് പോലുള്ള വിവരക്കേട് മാത്രമാണ്!
കേരളം ഒരിക്കലും ഇന്നലെകളെ മറന്ന് ” ജെല്ലിക്കെട്ടു“കളുടെ തലത്തിലേക്ക് തരംതാഴുകയില്ല. അയ്യപ്പനെ കമ്യൂണിസ്റ്റ് ആക്കി എൽഡിഎഫ് വിജയത്തിൻറെ ക്രെഡിറ്റ് 12 വർഷം കേസുനടത്തിയിട്ടും നാലു സംഘിണി പെണ്ണുങ്ങളുടെ മുന്നിൽ പോലും തോറ്റു തുന്നം പാടിയ അയ്യപ്പന് തന്നെ കൊടുക്കാനുള്ള ശ്രമത്തിലാണോ?

ഇത് കൃത്യമായും അയ്യപ്പ രാഷ്ട്രീയത്തിന്റെ പരാജയമാണ്. എൽഡിഎഫ് അയ്യപ്പൻറെ കാര്യം പറഞ്ഞല്ല ഇലക്ഷനെ നേരിട്ടത്. അയ്യപ്പന് ബില്ലും പാസാക്കി അയ്യപ്പനെ പറഞ്ഞു വോട്ട് പിടിച്ചവർ തോറ്റു തുന്നം പടിയില്ലേ? ഇന്ത്യയുടെ പ്രധാനമന്ത്രി വരെ വന്ന് “സ്വാമിയേ ശരണമയ്യപ്പോ” എന്നലറി വിളിച്ചിട്ടും അയ്യപ്പനല്ല കേരളത്തിൻറെ രാഷ്ട്രീയം നിശ്ചയിക്കുന്നത് എന്ന് കൃത്യമായി വിധിയെഴുതിയ മലയാളിയുടെ നൈതിക യുക്തിയെ നിങ്ങളായിട്ട് കൊലക്കു കൊടുക്കരുത് എന്നൊരു അഭ്യർത്ഥനയുണ്ട്.Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.