Sunday, November 28, 2021

Latest Posts

മയക്കുമരുന്നിനെതിരേ പോരാടാം ലോകസമാധാനത്തിനായി അണിചേരാം

✍️ റെൻസൺ വി എം

നിയമവിരുദ്ധമായി ഓപിയം ഉൽപാദിപ്പിക്കുന്ന ലോകത്തിലെ 2 മുഖ്യമേഖലകൾക്ക് ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെവടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഇറാനും പാക്കിസ്താനും, അഫ്ഗാനിസ്താനും ഉൾപ്പെട്ട ‘ഗോൾഡൻ ക്രെസെന്റ്’ നമ്മുടെ വടക്കു കിഴക്കുള്ള ബർമ്മ,തായ്ലാന്റ്, ലാവോസ് എന്നീ രാജ്യങ്ങളുടെ സംഘമഭൂമിയായ ‘ഗോൾഡൻ ട്രയാംഗിൾ’ എന്നും അറിയുന്ന പ്രസ്തുത മേഖലകളുടെ സാന്നിധ്യം
പരമ്പരാഗതമായി ഇന്ത്യയെ ലഹരിയുടെ ഒരു കേന്ദ്രമാക്കുന്നു. ഇത് ഇന്ത്യയെ ഈ പ്രദേശങ്ങളിൽ ഉൽ‌പാദിപ്പിക്കുന്ന ഒപിയേറ്റുകളുടെ ലക്ഷ്യസ്ഥാനവും ഗതാഗതപാതയും ആക്കിമാറ്റി. ഉപഭൂഖണ്ഡത്തിലെ മയക്കുമരുന്നു കടത്തിന്റെ പ്രവണതകൾ പഠിക്കുന്നതിൽ ഈ വസ്തുതപ്രധാനമാണ്. ഇന്ത്യയുടെ ദേശരക്ഷക്കുതന്നെ കടുത്ത ഭീഷണിയാണ് ഈസാഹചര്യം സൃഷ്ടിക്കുന്നത്. മനുഷ്യരുടെ ആരോഗ്യം നശിപ്പിക്കുന്ന ലഹരി ആഗോളസമാധാനത്തിനും സുരക്ഷയ്ക്കും അപകടമാണ്. ഭീകരപ്രവർത്തനം അടക്കമുള്ള അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കുള്ള പ്രധാന ഫണ്ടിങ് ഏജൻസിയാണ് ഇന്നു മയക്കുമരുന്നു ശൃംഖല. ഈ പശ്ചാത്തലത്തിൽ ഈ പരിഹരിക്കുന്നതിന് ആഗോള വ്യാപകമായ പ്രതിരോധപ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. ഇതാണ് ലഹരിവിരുദ്ധ ദിനത്തിൻ്റെ പ്രഖ്യാപനത്തിലേക്കു യുഎന്നിനെ നയിച്ചത്.

1987 ഡിസംബർ 7 ലെ 42/112 പ്രമേയത്തിലൂടെ, മയക്കുമരുന്നു ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനുമെതിരായ അന്താരാഷ്ട്ര ദിനമായി (International Day Against Drug Abuse and Illicit Trafficking) ജൂൺ 26 ആചരിക്കാൻ യുഎൻ പൊതുസഭ തീരുമാനിച്ചു. 1989 മുതൽ ഈ ദിനം ആചരിക്കുന്നു. മയക്കുമരുന്നു വിമുക്തമായ ഒരു അന്താരാഷ്ട്ര സമൂഹമെന്ന സ്വപ്നം പൂവണിയുന്നതിനുള്ള പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ദൃഢനിശ്ചയത്തിന്റെ പ്രകാശനമായാണ് ഈ ദിനം. ലോകമെങ്ങുമുള്ള വ്യക്തികൾ‌, സമൂഹങ്ങൾ, വിവിധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ നിയമവിരുദ്ധ മയക്കുമരുന്നുകൾ‌ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രതിരോധപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം (1).

1987 ജൂൺ 17 മുതൽ 26 വരെ വിയന്നയിൽ നടന്ന മയക്കുമരുന്നു ദുരുപയോഗം, അനധികൃത കടത്ത് എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിനിടെ ജൂൺ 26 നു 2 സുപ്രധാന രേഖകൾ അംഗീകരിച്ചു. മയക്കുമരുന്നു ദുരുപയോഗം നിയന്ത്രിക്കുന്നതിനുള്ള സമഗ്രവും വൈവിധ്യപൂർണ്ണവുമായ ഭാവിപ്രവർത്തനങ്ങളുടെ രൂപരേഖ, (Comprehensive Multidisciplinary Outline of Future Activities in Drug Abuse Control) മയക്കുമരുന്ന് ദുരുപയോഗവും നിയമവിരുദ്ധ കടത്തും സംബന്ധിച്ച
അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രഖ്യാപനം (Declaration of the International Conference on Drug Abuse and Illicit Trafficking) എന്നവയാണവ.

മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ പോരാട്ടത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി ഒരു വാർഷിക ദിനം ആചരിക്കണമെന്നു പ്രസ്തുത സമ്മേളനം ശിപാർശ ചെയ്തു. ജൂൺ 17, ജൂൺ 26 എന്നീ തീയതികൾ നിർദ്ദേശിക്കപ്പെട്ടു. പിന്നീടുള്ള കൂടിയാലോചനകളിൽ ജൂൺ 26 തിരഞ്ഞെടുത്തു കരടിലും അന്തിമ പ്രമേയത്തിലും ഉൾപ്പെടുത്തി. മയക്കുമരുന്നു വിരുദ്ധ പ്രചാരകർ ഇൗ ദിനത്തെ 6/26 എന്നു വിളിക്കാറുണ്ട്. കഞ്ചാവിനെ ആഘോഷമാക്കുന്നവർ അതിനുള്ള ദിനം 4/20 എന്നു പറയുന്നതിനു ബദലായാണു മയക്കുമരുന്നു വിരുദ്ധ പ്രവർത്തകർ ഇങ്ങനെ പ്രചരിപ്പിക്കുന്നത്.

ചൈനയിലെ ആദ്യത്തെ ഓപിയം യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് 1839 ജൂൺ 25 ന് ഗ്വാങ്‌ഡോങ്ങിലെ ഹ്യൂമനിൽ നടന്നിരുന്ന ഓപിയം വ്യാപാരം ലിൻ സെക്ഷ്യുവിന്റെ നേതൃത്വത്തിൽ ഇല്ലാതാക്കിയതിന്റെ സ്മരണയിലാണ് ജൂൺ 26 എന്ന തീയതി യുഎൻ തെരഞ്ഞെടുത്തത്. ലിൻ സെക്ഷ്യു (30 ഓഗസ്റ്റ് 1785 – 22 നവംബർ 1850), ചൈനയിലെ ക്വിങ് രാജവംശത്തിലെ ഡൗഗ്വാങ് ചക്രവർത്തിയുടെ കീഴിലുള്ള വൈസ്രോയി ആയിരുന്നു. 1839 ലെ ആദ്യ ഓപിയം യുദ്ധത്തിൽ വഹിച്ച പങ്കാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഫുജൻ പ്രവിശ്യയിലെ ഫൂജോ സ്വദേശിയായിരുന്നു അദ്ദേഹം. ഓപിയം വ്യാപാരത്തോടുള്ള ലിന്നിന്റെ ശക്തമായ എതിർപ്പ് ആദ്യ ഓപിയം യുദ്ധത്തിന്റെ പ്രാഥമിക ഉത്തേജകമായിരുന്നു. ഈ പോരാട്ടത്തിന്റെ “ധാർമ്മിക ഉന്നതിയിൽ”അദ്ദേഹം ആദരിക്കപ്പെട്ടിരുന്നു. പക്ഷേ, കർക്കശമായ സമീപനത്തിന്റെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവരും ഉണ്ടായിരുന്നു. ഈ പ്രശ്നത്തിന്റെ ആഭ്യന്തരവും അന്തർദ്ദേശീയവുമായ സങ്കീർണതകൾ കണക്കിലെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു എന്നതായിരുന്നു അവരുടെ വിമർശനം. ഡൗഗ്വാങ് ചക്രവർത്തി ലിൻ നിർദ്ദേശിച്ച യഥാസ്ഥിക നയങ്ങളെയും മയക്കുമരുന്നു വിരുദ്ധ പ്രസ്ഥാനത്തെയും പിന്തുണച്ചു.

എന്നാൽ, പിന്നീട് ഈ നടപടികളുടെ ഫലമായ വിനാശകരമായ യുദ്ധത്തിന്റെ പേരിൽ ലിന്നിനെ കുറ്റപ്പെടുത്തുകയുമുണ്ടായി (2). തനിക്കുണ്ടാകാവുന്ന വ്യക്തിപരമായ നഷ്ടങ്ങൾ പരിഗണിക്കാതെ ഒരുസാമൂഹികതിന്മയ്ക്കെതിരേ നിലപാടെടുത്തു സാമ്രാജ്യശക്തിയെ എതിരിട്ടലിന്നിന്റെ ധീരതയാണു ജൂൺ 26 നെ ലഹരിക്കെതിരായ പോരാട്ടദിനമായി തെരഞ്ഞെടുത്തതിലൂടെ അംഗീകരിച്ചത്.
‘മയക്കുമരുന്നു സംബന്ധിച്ച വസ്തുതകൾ പങ്കുവെക്കുക, ജീവൻ രക്ഷിക്കുക’ (Share Facts On Drugs, Save Lives) എന്നതാണു മയക്കുമരുന്നു ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനുമെതിരായ 2021 ലെ അന്താരാഷ്ട്ര ദിനത്തിന്റെ വിചിന്തനവിഷയം. ഈ പ്രമേയത്തിലൂടെ മയക്കുമരുന്നുകളെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾക്കെതിരേ മുൻകരുതൽ എടുക്കാനായി ആധികാരിക വിവരങ്ങൾ പങ്കുവയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നാം പ്രത്യേകം ചർച്ച ചെയ്യുന്നു. മയക്കുമരുന്ന് ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കർമ്മപദ്ധതികൾ, തെളിവുകൾ അടിസ്ഥാനമാക്കിയ പ്രതിരോധ നടപടികൾ, ചികിത്സ, പരിചരണം എന്നിവ സംബന്ധിച്ച അവബോധം പൊതുസമൂഹത്തിൽ സൃഷ്ടിക്കാനുള്ള വസ്തുനിഷ്ഠമായ അറിവുകൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കുക എന്നതും ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യമാണ്. ഗവേഷണ കണ്ടെത്തലുകൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഡേറ്റ, ജീവരക്ഷക്കുള്ള വിവരങ്ങൾ എന്നിവ പങ്കിടുന്നതിനും ഐക്യദാർഢ്യത്തോടെ മയക്കുമരുന്ന് ഉപയോഗം
അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിനു പ്രചോദനം നല്കുന്നതിനുമുള്ള ദിവസമാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. തെറ്റായ വിവരങ്ങൾക്കും വിശ്വസനീയമല്ലാത്ത ഉറവിടങ്ങൾക്കുമെതിരേ ഉറച്ച നിലപാട് സ്വീകരിച്ച് എല്ലാവരും അവരവരുടെ പങ്കു നിർവ്വഹിക്കാൻ ഈ കാംപെയ്ൻ ആവശ്യപ്പെടുന്നു. ലഹരിവസ്തുക്കളെപ്പറ്റിയുള്ള വസ്തുനിഷ്ഠമായ വിവരങ്ങൾ പ്രത്യേകിച്ചു ശാസ്ത്രപിന്തുണയുള്ള ഡേറ്റ മാത്രം പങ്കിടാനും അതുവഴി അനേകരുടെ ജീവൻ രക്ഷിക്കാനും ഈ ദിനം ആഹ്വാനം ചെയ്യുന്നു. അന്താരാഷ്ട്ര സമൂഹത്തിനും സർക്കാരുകൾക്കും സിവിൽ സമൂഹത്തിനും കുടുംബങ്ങൾക്കും യുവാക്കൾക്കും ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ എടുക്കാനും ഈ പ്രവർത്തനങ്ങൾ
സഹായിക്കും.

മയക്കുമരുന്നുകളും കുറ്റകൃത്യങ്ങളും സംബന്ധിച്ച യുഎൻ ഓഫിസിന്റെ (United Nations Office on Drugs and Crime-UNODC) നേതൃത്വത്തിൽ മയക്കുമരുന്നു പ്രശ്നത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ വേൾഡ് ഡ്രഗ് റിപ്പോട്ട് എന്ന പേരിൽ എല്ലാ വർഷവും പുറത്തുവിടുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ദിനാചരണത്തിന് അനുബന്ധമായാണ് ഇതു ചെയ്യുന്നത്. ലഹരിയുടെ പ്രശ്നം ശാസ്ത്രീയമായി പഠിച്ചു വസ്തുതകളുടെ പിൻബലത്തിൽ പ്രായോഗിക പരിഹാരങ്ങളും നിർദ്ദേശിക്കുകയും ചെയ്യുന്നു ഈ റിപ്പോട്ടുകൾ. മയക്കുമരുന്ന്, സംഘടിത കുറ്റകൃത്യങ്ങൾ, അഴിമതി, ഭീകരവാദം എന്നിവയിൽനിന്നു ലോകത്തെ സുരക്ഷിതമാക്കാൻ 2 ദശാബ്ദങ്ങളായി UNODC പ്രവർത്തിക്കുന്നു. ഈ സാമൂഹിക ഭീഷണികളൊക്കെ പരസ്പരബന്ധിതമാണ്. അതിനാൽ, ഇവയെ നേരിടുന്നതിലൂടെ മാത്രമേ എല്ലാവർക്കും ആരോഗ്യവും സുരക്ഷയും നീതിയും ഉറപ്പാക്കാനാവൂ. ഈ ദൗത്യത്തിൽ ക്രിയാത്മകമായി സഹകരിക്കുക എന്നതാണ്‌ ഈ യുഎൻ വിഭാഗത്തിന്റെ ഉത്തരവാദിത്വം.
24/5/2021 ൽ പുറത്തിറക്കിയ 5 ചെറുഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന വേൾഡ് ഡ്രഗ് റിപ്പോർട്ട് 2021 ആഗോള മയക്കുമരുന്ന് വിപണികളെക്കുറിച്ച് ആഴത്തിലുള്ള വിശകലനം നല്കുന്നു. കൂടാതെ, ഈ രംഗത്തു കോവിഡ് പ്രതിസന്ധി ചെലുത്തുന്ന സ്വാധീനവും അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച സമഗ്രവിവരവും പ്രസ്തുത പഠനം നല്കുന്നു. ആരോഗ്യം, രാജ്യഭരണം, ദേശസുരക്ഷ എന്നീ മേഖലകളിൽ മയക്കുമരുന്നു ശക്തമായ സ്വാധീനം ചെലുത്തുന്നു. ആയതിനാൽ, ആഗോള സമാധാന കൈവരിക്കാൻ ഈ പ്രശ്നം വേഗം പരിഹരിക്കേണ്ടതുണ്ട്. അതിനായുള്ള ആഗോളസഹകരണം ഉറപ്പാക്കുക എന്നത് ഈ പഠനത്തിന്റ ലക്ഷ്യമാണ്. മാത്രമല്ല, കോവിഡ് മഹാമാരിയുടെ ആഘാതം മയക്കുമരുന്നു വിപണിയിൽ സൃഷ്ടിക്കുന്ന ചലനങ്ങൾ പ്രത്യേകം പഠിച്ചു സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ അഭിസംബോധനം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഈ റിപ്പോർട്ട് ഉന്നയിക്കുന്നുണ്ട്. ആരോഗ്യത്തെക്കുറിച്ച് അഭൂതപൂർവ്വമായ പൊതുവവബോധം ഉണ്ടാക്കാൻ കോവിഡ് മഹാമാരി സഹായിച്ചു. വ്യക്തിപരമായ ആരോഗ്യ സംരക്ഷണ നടപടികളുടെ ആവശ്യകതയും രോഗത്തിന്റെ സാമൂഹികവ്യാപനം തടയുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളും ഈ മഹാമാരി നമ്മെ പഠിപ്പിച്ചു. എല്ലാവർക്കുംആരോഗ്യപരിരക്ഷ ആഗോള സമൂഹത്തിന്റെ ഏകമനസ്സോടെയുള്ള പ്രവർത്തനത്തിന്റെ പ്രാധാന്യവും കോവിഡ് നമ്മെ ബോധ്യപ്പെടുത്തി. ഒപിയേറ്റുകൾ, കൊക്കെയ്ൻ, കഞ്ചാവ്, ആംഫെറ്റാമൈൻ വിഭാഗത്തിലെ ഉത്തേജകങ്ങൾ, പുതിയ സൈക്കോ ആക്റ്റീവ് വസ്തുക്കൾ (എൻ‌പി‌എസ്) എന്നിവയുടെ അനധികൃത വിതരണവും അവ ആരോഗ്യ മേഖലയിൽ ഉളവാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രസ്തുത പഠനം നല്കുന്നു. മെച്ചപ്പെട്ട ഗവേഷണത്തിലൂടെയും കൂടുതൽ കൃത്യമായ ഡേറ്റയിലൂടെയും മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മുമ്പു കരുതിയിരുന്നതിനേക്കാൾ വ്യാപകമാണെന്ന് ഈ പഠനം എടുത്തുകാണിക്കുന്നു.

കഴിഞ്ഞ വർഷം ലോകത്താകമാനം 275 ദശലക്ഷം ആളുകൾ മയക്കുമരുന്ന്  ഉപയോഗിച്ചുവെന്നും. 36 ദശലക്ഷത്തിലധികം പേർ അതിന്റെ ദൂഷ്യഫലങ്ങളാൽ വലയുന്നുവെന്നും 2021 ലെ വേൾഡ് ഡ്രഗ് റിപ്പോട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 24 വർഷത്തിനിടയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും നാലിരട്ടി ശക്തികൂടിയ കഞ്ചാവു വർദ്ധിച്ചെന്നും മയക്കുമരുന്നു ദോഷമാണെന്നു കരുതുന്ന കൗമാരക്കാർ 40 % വരെ കുറഞ്ഞെന്നും പ്രസ്തുത രേഖ പറയുന്നു. കഞ്ചാവ് ഉപയോഗം ആളുകളിൽ, പ്രത്യേകിച്ചു ദീർഘകാല ഉപഭോക്താക്കളിൽ ആരോഗ്യപരമായതടക്കം പലവിധ അപകടങ്ങളും സൃഷ്ടിക്കുമെന്ന പഠനങ്ങൾ ഉള്ളപ്പോഴാണിത്. “മയക്കുമരുന്നിന്റെ ഉപയോഗവും അതിന്റെ ദോഷങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയുടെ അഭാവവും ബന്ധപ്പെട്ടിരിക്കുന്നു. ഈ വിഷയത്തിൽ പൊതുജനാഭിപ്രായവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം അവസാനിപ്പിക്കേണ്ടതിന്റെയും യുവജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെയും ആവശ്യകത യുഎൻ‌ഒഡി‌സിയുടെ 2021 ലെ വേൾഡ് ഡ്രഗ് റിപ്പോട്ടിന്റെ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നു” എന്ന UNODC എക്സിക്യൂട്ടീവ് ഡിറെക്ടർ ഗാഡ വാലിയടെ വാക്കുകൾ ഈ വസ്തുതയ്ക്ക്  അടിവരയിടുന്നുണ്ട്.
ഈ റിപ്പോട്ട് അനുസരിച്ച്, കഞ്ചാവിന്റെ പ്രധാന സൈക്കോവാക്റ്റിവ് ഘടകമായ Δ9-THC യുടെ (delta-9-tetrahydrocannabinol) അളവ്‌ 2002-2019 കാലയളവിൽ യൂറോപ്പിൽ 6 ൽ നിന്ന് 11 ശതമാനത്തിലേക്കും,1995-2019 കാലയളവിൽ യുഎസ്എയിൽ 4/ൽ നിന്ന് 16 ശതമാനമായും ഉയർന്നു. കഞ്ചാവ് ഹാനികരമാണെന്നു കരുതുന്ന കൗമാരക്കാർ അമേരിക്കയിൽ 40 ശതമാനവും യൂറോപ്പിൽ 25 ശതമാനവും കുറഞ്ഞു. മാത്രമല്ല, മിക്ക രാജ്യങ്ങളിലും മഹാമാരിയുടെ സമയത്തു കഞ്ചാവ് ഉപയോഗം കൂടുന്നതായി റിപ്പോട്ടുണ്ട്. 77 രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ദ്ധരുടെ സർവേകളിൽ 42 % പേരും ഇതിന്റെ ഉപയോഗം വർദ്ധിച്ചതായിഅഭിപ്രായപ്പെട്ടു. കൂടാതെ, അതേ കാലയളവിൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകളുടെ ചികിത്സേതര ഉപയോഗത്തിലും ഉയർച്ചയുണ്ടായി. ഇതിനെ പ്രതിരോധിക്കാൻ, കഞ്ചാവിന്റെ പ്രത്യാഘാതങ്ങളെ പറ്റി ബോധവത്കരണം നടത്തുക; തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരേ മുൻകരുതലെടുക്കുക; സ്വകാര്യ താൽപര്യങ്ങൾക്കുപരി പൊതുജനാരോഗ്യത്തിനു മുൻ‌ഗണന നല്കുക; മയക്കുമരുന്നുകളെപ്പറ്റിയുള്ള പരസ്യങ്ങൾ പൂർണ്ണമായി നിരോധിക്കുക; കഞ്ചാവിന്റെ അപകടങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിനു നിക്ഷേപം വർദ്ധിപ്പിക്കുക; കഞ്ചാവ് വിപണികളും കൃഷിയും നിരീക്ഷിക്കുക തുടങ്ങിയ നടപടികൾ ശക്തമാക്കണമെന്ന് ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

മയക്കുമരുന്ന് ഉപയോഗം കൂടുകയാണിന്ന്. പക്ഷേ, അതിനൊപ്പം സയൻസ് അധിഷ്ഠിത ചികിത്സയുടെ ലഭ്യതയും വർദ്ധിച്ചു. 2010-2019 കാലയളവിൽ ആഗോള ജനസംഖ്യാ വളർച്ചയുടെകൂടി ഫലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം 22 % കൂടി. ജനസംഖ്യാമാറ്റം എന്ന ഘടകം മാത്രം പരിഗണിച്ചാൽ പോലും 2030 ഓടെ ആഗോളതലത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 11 % വർധനവുണ്ടാകുമെന്നു നിലവിലെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. അതിവേഗം വർദ്ധിക്കുന്നതും യുവത്വപൂർണ്ണവുമായ ജനസഞ്ചയം കാരണം ആഫ്രിക്കയിൽ ഈ സാമൂഹ്യവിപത്തിന് അടിപ്പെടുന്നവർ 2030 ഓടെ 40 % വർദ്ധിക്കുമെന്നും പ്രവചനമുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്രപ്രദേശമായ ആഫ്രിക്കയെ ഈ മഹാവിപത്തിൽ ആഴ്ന്നുപോകാതെ സംരക്ഷിക്കേണ്ടതുണ്ട്. അതിനായി, ജനകേന്ദ്രീകൃതവും സമഗ്രവും മനുഷ്യത്വപരവുമായ സമീപനങ്ങൾ അടിസ്ഥാനമാക്കി, മയക്കുമരുന്ന് ഉപയോഗത്തിന് എതിരേ സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് പ്രസ്തുത വൻകരയിലെ രാജ്യങ്ങളെ സഹായിക്കുക; ആഫ്രിക്കയിലെ മയക്കുമരുന്നു വിപണിയെ നിരീക്ഷിക്കുന്നതിനു നൂതനവും ചെലവു കുറഞ്ഞതുമായ സംവിധാനങ്ങൾ വികസിപ്പിക്കുവാൻ അവിടത്തെ രാജ്യങ്ങളുമായി സഹകരിക്കുക; മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർദ്ധനവു തടയുന്നതിനായി ആഫ്രിക്കൻ‌ രാജ്യങ്ങളും യുഎൻ സംവിധാനവും തമ്മിലുള്ള ശക്തമായ പങ്കാളിത്തം വളർത്തുക തുടങ്ങിയ കാര്യങ്ങൾ ആഫ്രിക്കൻ വൻകരയെ കേന്ദ്രീകരിച്ചു നടപ്പാക്കണമെന്നും ഡ്രഗ് റിപ്പോട്ട് 2021 ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ ആഗോള കണക്കുകൾ പ്രകാരം,15 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ 5.5 % കഴിഞ്ഞ വർഷത്തിൽ ഒരു തവണയെങ്കിലും മയക്കുമരുന്ന് ആസ്വദിച്ചു. അതേസമയം, 36.3 ദശലക്ഷം ആളുകൾ അതായത്, മയക്കുമരുന്ന് ഉപഭോക്താക്കളിൽ 13 % ലഹരി ഉപയോഗംമൂലം മാനസ്സികവും ശാരീരികവുമായ പല പ്രശ്നങ്ങളും അനുഭവിക്കുന്നു.

ആഗോളതലത്തിൽ, 11 ദശലക്ഷത്തിലധികം പേർ മയക്കുമരുന്നു കുത്തിവെയ്ക്കുന്നതായി കണക്കാക്കപ്പെടുന്നു. അവരിൽ പകുതിയും ഹെപ്പറ്റൈറ്റിസ് സി രോഗവുമായാണു ജീവിക്കുന്നത്. ആളുകൾ കൂടുതലായി മയക്കുമരുന്നു ദുരുപയോഗത്തിന് അടിപ്പെടുന്നത് ഒപിയോയ്ഡുകൾ മൂലമാണ്. അവയ്ക്ക് അടിമകളായവരെ ചികിത്സിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന 2 ഫാർമസ്യൂട്ടിക്കൽ ഒപിയോയിഡുകളായ മെതിഡോൺ, ബ്യൂപ്രനൗഫീൻ എന്നിവയുടെ ഉപയോഗം കഴിഞ്ഞ 2 ദശകങ്ങളായി വർദ്ധിക്കുകയാണ്. ഈ ചികിത്സക്കു ലഭ്യമാക്കുന്ന തുക 1999 ലേതിൽ നിന്ന് ആറിരട്ടിയായി വർദ്ധിച്ചു. ഇതുമൂലം മരുന്നിന്റെ ലഭ്യത പ്രതിദിനം 557 ദശലക്ഷം ഡോസുകളിൽ നിന്ന് 2019 ഓടെ 3,317 ദശലക്ഷമായി ഉയർന്നു. ശാസ്ത്രീയമായ ഫാർമകലോജികൽ ചികിത്സ മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ ലഭ്യമാണെന്നിതു സൂചിപ്പിക്കുന്നു.

ഡാർക് വെബ് മയക്കുമരുന്നു വിപണികൾ ഒരു പതിറ്റാണ്ട് മുമ്പാണ് ഉയർന്നുവന്നതെങ്കിലും പ്രധാനപ്പെട്ടവ ഇപ്പോൾ കുറഞ്ഞത് 315 ദശലക്ഷം യുഎസ് ഡോളർ വാർഷിക വില്പന നേടിയിരിക്കുന്നു. ഈ മേഖലയുടെ സംഭാവന ആകെ മയക്കുമരുന്നു വ്യാപാരത്തിന്റെ ചെറിയൊരംശം മാത്രമാണെങ്കിലും, 2011 മുതൽ 2017 പകുതി വരെയും 2017 പകുതി മുതൽ 2020 വരെയുമുള്ള കാലത്തു നാലിരട്ടി വീതം വളർച്ച കൈവരിച്ചു എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.

ദ്രുതഗതിയിലുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങൾ, മയക്കുമരുന്നുകൾ വില്ക്കാൻ പുതിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരുടെ കാര്യക്ഷമത വർദ്ധിപ്പിച്ചു. നവീന സാധ്യതകൾ പ്രയോജനപ്പെടുത്തി സർവ്വ മയക്കുമരുന്നുകളും എവിടെയും ലഭ്യമാക്കാൻ കഴിയുന്ന ഒരു ആഗോള വിപണിയായി ഇന്നിതു മാറിക്കൊണ്ടിരിക്കുന്നു. ഇതുമൂലം, മയക്കുമരുന്ന് ഉപയോഗത്തിന്റെ രീതികളിൽ ത്വരിതഗതിയിലുള്ള മാറ്റങ്ങൾ വരുകയും പൊതുജനാരോഗ്യത്തെ ഘോരമായി ബാധിക്കുകയും ചെയ്യുമെന്ന് ഈ റിപ്പോട്ട് വ്യക്തമാക്കുന്നു. ഈ മേഖലയിലെ അപകടം തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി, ഡാർക് വെബ് പോലുള്ളവയെ നിയന്ത്രിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കൾ, ടെക് കമ്പനികൾ, ഷിപ്പിംങ്/തപാൽ കമ്പനികൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഇൻറർനെറ്റ്, ഡാർക് വെബ് മുതലായവ ഉപയോഗിച്ചുള്ള മയക്കുമരുന്നു കടത്തിനെതിരേയുള്ള സർക്കാരിന്റെ ജാഗ്രത വർദ്ധിപ്പിക്കുക; ഇൻറർനെറ്റിലെ മയക്കുമരുന്നു വിതരണ ശൃംഖലകളെ നിയന്ത്രിക്കുക; മയക്കുമരുന്നു പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും മറ്റും വെബിൽനിന്നു നീക്കംചെയ്യുന്നതിനുള്ള നിയമചട്ടക്കൂട് ഒരുക്കുക; ക്രിപ്‌റ്റോ കറൻസി മാർക്കറ്റുകൾ നിയന്ത്രിക്കുകയും സംശയാസ്‌പദമായ ഇലക്ടോണിക് പണമിടപാടുകൾ നിരീക്ഷിക്കുകയും ചെയ്തു നിഗൂഢമായ ധനകൈമാറ്റങ്ങൾ തിരിച്ചറിഞ്ഞു ഡ്രഗ് മാഫിയയിലേക്കു മയക്കുമരുന്നു കടത്തിൽ നിന്നുള്ള അനധികൃത സമ്പാദ്യത്തിന്റെ ഒഴുക്കു തടയുക; ഡാർക് വെബിന്മേലുള്ള സൈബർ വിദഗ്ദ്ധരുടെ മേൽനോട്ടം കൂട്ടുന്നതുവഴി മയക്കുമരുന്നു വില്പക്കുള്ള ഓൺലൈൻ വിപണികളും പ്ലാറ്റ്‌ഫോമുകളും നീക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണമെന്നു നിർദ്ദേശിക്കുന്നു ഡ്രഗ് റിപ്പോട്ട്.

മാറിയ അന്തരീക്ഷത്തോടും പുതിയ സാഹചര്യങ്ങളോടും വേഗത്തിൽ പൊരുത്തപ്പെടാനുള്ള മയക്കുമരുന്നു കടത്തുകാരുടെ അസാമാന്യ കഴിവ് ഈമഹാമാരി വീണ്ടും തെളിയിച്ചു. കപ്പൽ മാർഗ്ഗം ലഹരി കടത്തുന്നതു കൂട്ടുക, സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുക, ജലഗതാഗതം പ്രയോജനപ്പെടുത്തുക, നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു മനുഷ്യസഹായം ഇല്ലാതെ ചരക്കെത്തിക്കുക തുടങ്ങിയ രീതികൾ ഇവർ ഉപയോഗപ്പെടുത്തുന്നു. യൂറോപ്പിലേക്കുള്ള കൊക്കെയ്ൻ വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കപ്പെടുകയാണെന്നും വില കുറയ്ക്കുകയും ഗുണനിലവാരം ഉയർത്തുകയും ചെയ്തതുവഴി കൊക്കെയ്ൻ വിപണി കൂടുതൽ വികസിക്കുകയാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു. ഇതു യൂറോപ്പിനെ കൂടുതൽ ഭീഷണിപ്പെടുത്തുകയാണെന്നും റിപ്പോട്ടു മുന്നറിയിപ്പു നല്കുന്നു. ഇതുമൂലം ഈ മേഖലയിൽ മയക്കുമരുന്ന് ഉണ്ടാക്കുന്ന ദുരിതങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ആഗോളവിപണിയിൽ ഉയർന്നുവരുന്ന പുതിയ സൈക്കോ ആക്റ്റീവ് വസ്തുക്കളുടെ എണ്ണം (എൻ‌പി‌എസ്) 2013 ൽ 163 ൽ നിന്ന് 2019 ൽ 71 ആയി കുറഞ്ഞു. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ഈ പ്രവണതകൾ കാണാം. ഒരു ദശാബ്ദത്തിനു മുമ്പ് എൻ‌പി‌എസ് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ അതിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിൽ ദേശീയ അന്തർ‌ദ്ദേശീയ നിയന്ത്രണ സംവിധാനങ്ങൾ‌ വിജയിച്ചതായും ഈ രേഖ സൂചിപ്പിക്കുന്നുണ്ട്.

ഭീഷണി അതിജീവിക്കാൻ, ലഹരിക്കെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണം വളർത്തുക; മയക്കുമരുന്നു കടത്തിന്റെ രഹസ്യവിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ തമ്മിൽ കൈമാറുക; മികച്ചസമീപനങ്ങളും രീതികളും അധികാരികൾ പരസ്പരം പഠിപ്പിക്കുക; ഷിപ്പിംഗ്, റെയിൽ‌വേ കമ്പനികൾ‌, തപാൽ സേവനങ്ങൾ, എയർ കാർഗോ തുടങ്ങിയവ ചരക്കു കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങൾ വികസിപ്പിക്കുക; മയക്കുമരുന്നു വിപണിയിലെ മാറ്റങ്ങൾ ഉടനടി കണ്ടെത്തി പ്രതിരോധിക്കുന്നതിനു തത്സമയ ഡേറ്റ നിരീക്ഷണ സംവിധാനങ്ങൾ നടപ്പിലാക്കുക എന്നീ കാര്യങ്ങൾ ഈ റിപ്പോട്ട് മുന്നോട്ടുവെക്കുന്നു.
കോവിഡ് -19 മഹാമാരി ഉണ്ടാക്കിയ പുതിയ സാമൂഹിക സാഹചര്യങ്ങൾ കൂടുതൽ സൗകര്യപ്രദമായ സേവനമാർഗ്ഗങ്ങളിലൂടെ മയക്കുമരുന്നു വിതരണം തടയുന്നതിനും ചികിത്സാ സേവനങ്ങൾ നല്കുന്നതിനും ഉള്ള അവസരങ്ങൾ തുറന്നു. ഈ മേഖലകളിലൊക്കെ ആധുനിക സാങ്കേതികവിദ്യകൾ വർദ്ധിച്ചതോതിൽ ഉപയോഗപ്പെടുത്താൻ ആരംഭിച്ചു. കോവിഡ് കാരണം പല രാജ്യങ്ങളും ടെലിമെഡിസിൻ സേവനങ്ങൾ അവതരിപ്പിക്കുകയോ വിപുലീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇതുവഴി മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കു വേണ്ടി ആരോഗ്യപ്രവർത്തകർക്ക് ഇപ്പോൾ ടെലിഫോണിലൂടെ കൗൺസിലിങ്ങോ പ്രാഥമിക വിലയിരുത്തലുകളോ ആരോഗ്യ നിർദ്ദേശങ്ങളോ നല്കാനുമുള്ള അവസരങ്ങളൊരുക്കി. മയക്കുമരുന്നിനെ പ്രതിരോധിക്കുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനും വേണ്ടിയുള്ള സേവനങ്ങൾ കോവിഡ് മഹാമാരിയുടെ പ്രത്യേക സാമൂഹിക സാഹചര്യങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുക; ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ത്വരിതപ്പെടുത്താൻ ആധുനിക ശാസ്ത്രീയ മാനദണ്ഡങ്ങൾ നിരന്തരം നവീകരിക്കുക; ദുർബ്ബലമായ പ്രതിരോധം കാരണം മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കു രോഗസാധ്യത കൂടുതലായതിനാൽ കോവിഡ് പരിശോധനക്കും വാക്സിനേഷനും മുൻഗണന നല്കുക തുടങ്ങിയവ കാര്യങ്ങളും മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ പഠനം മുന്നോട്ടുവെക്കുന്നു.

നിയമവിരുദ്ധമായ മയക്കുമരുന്നു ബിസിനസ്സിൽ കോവിഡിന്റെ സ്വാധീനം എന്തെന്ന് ഇതുവരെ പൂർണ്ണമായി പഠനവിധേയമാക്കാൻ സാധിച്ചിട്ടില്ല. എങ്കിലും, ഈ വിശകലനം സൂചിപ്പിക്കുന്നതു മഹാമാരി സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ദുർബ്ബലരായ ഗ്രാമീണജനത അനധികൃത മയക്കുമരുന്നു കൃഷിയിലേക്കു കൂടുതൽ ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. കോവിഡ് വിവിധങ്ങളായ സാമൂഹികാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അസമത്വം, ദാരിദ്ര്യം, മാനസ്സിക അസ്വസ്ഥതകൾ മുതലായവ ഇതുമൂലം വർദ്ധിച്ചു. ഇതൊക്കെ ദുർബ്ബലരായവർ അടക്കം മയക്കുമരുന്നിൽ ആശ്രയം തേടുന്നതിനുള്ള സാഹചര്യം ഉണ്ടാക്കി. ഈ അവസ്ഥ മറികടക്കാൻ സാമൂഹികവിരുദ്ധമായ മാർഗ്ഗങ്ങളിലേക്കു തിരിയാതിരിക്കാൻ ദുർബ്ബലരായ മാതാപിതാക്കളെയും ചെറുപ്പക്കാരെയും പിന്തുണയ്ക്കുക; മഹാമാരിയുടെ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കാൻ പാർപ്പിടം, ഭക്ഷണം, സാമ്പത്തിക സഹായം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ സുരക്ഷാവ്യവസ്ഥകൾ ഏർപ്പെടുത്തുക; ജീവിതം മെച്ചപ്പെടുത്താൻ ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ബദൽ വികസന മാതൃകകൾ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ വേൾഡ് ഡ്രഗ് റിപ്പോട്ട് 2021 നിർദ്ദേശിക്കുന്നുണ്ട്.
2021 ലെ വേൾഡ് ഡ്രഗ് റിപ്പോട്ട് ഒപിയേറ്റുകൾ, കൊക്കെയ്ൻ, കഞ്ചാവ്, ആംഫെറ്റമീൻ വിഭാഗത്തിലെ ഉത്തേജകങ്ങൾ, മനസ്സിനെ ബാധിക്കുന്ന പുതിയ ലഹരിവസ്തുക്കൾ (New Psychoactive Substances എൻ‌പി‌എസ്) എന്നിവയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച വിവരങ്ങൾ നല്കുന്നു. കൂടാതെ, ഇത്തരം വസ്തുക്കൾ മനുഷ്യന്റെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഈ റിപ്പോട്ട് വിശദീകരിക്കുന്നു. അതിനൊപ്പം. കോവിഡ്19 മഹാമാരി ഈ മേഖലയിൽ ചെലുത്തുന്ന സ്വാധീനവും ഈ വർഷത്തെ ഡ്രഗ് റിപ്പോട്ട്‌ അവലോകനം ചെയ്യുന്നു.

മയക്കുമരുന്നിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് ദീർഘവും രസകരവുമായ ചരിത്രമുണ്ട്. വേദകാലം മുതൽ, മാരുവാന എന്നറിയപ്പെടുന്ന കഞ്ചാവ് വിവിധ ചികിത്സാ ആവശ്യങ്ങൾക്കും മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഉപയോഗിക്കുന്നു. വാസ്തവത്തിൽ, വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന 5 പുണ്യസസ്യങ്ങളിൽ ഒന്നാണിത്. ഇത് ‘വിജയ’ എന്നറിയപ്പെട്ടു. രസകരമായ വസ്തുത എന്തെന്നാൽ, ഭഗവാൻ ശിവൻ
‘വിജയ’ എന്നും അറിയപ്പെട്ടിരുന്നു, അദ്ദേഹത്തിന്റെ അനുയായികൾ ഇന്നും ആചാരത്തിന്റെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കുന്നു. ക്രി.മു. 330 ൽ മഹാനായ അലക്സാണ്ടർ ഇന്ത്യയിലെ ജനങ്ങൾക്ക് ഓപിയം പരിചയപ്പെടുത്തി. മുഗൾ കാലഘട്ടം മുതൽ ഓപിയം ജനപ്രിയവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ലഹരിയായി മാറി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഓപിയം കൃഷിയുടെ പൂർണ്ണനിയന്ത്രണം ഏറ്റെടുക്കുകയും നിയമവിധേയമായി വ്യാപാരം ആരംഭിക്കുകയും ചെയ്തു. നിയമവിരുദ്ധമായ ഇടങ്ങളിൽ നിന്ന് ഇതിന്റെ കള്ളക്കടത്തും അവർ നടത്തി.
ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളുടെ ഈ മയക്കുമരുന്നു ബിസിനസ്സ് വളരെ ലാഭകരമായിരുന്നു. ബംഗാളിലെ നെൽവയലുകളിൽ വലിയതോതിൽ പോപ്പി കൃഷിയിറക്കാൻ അവർ നിർബന്ധിച്ചു. ഇത്, 1770ൽ ബംഗാളിൽ ഉണ്ടായ മഹാക്ഷാമത്തിന്റെ ഒരു കാരണമായി. ഈ മേഖലയിലെ 10 ദശലക്ഷം ആളുകൾ ഈ ദുരന്തം മൂലം മരണമടഞ്ഞു. ഇതിനു ശേഷം 70 വർഷത്തിനുള്ളിൽ ഓപിയം യുദ്ധങ്ങൾ നടന്നതു വിദേശ വ്യാപാരികൾ – പ്രാഥമികമായി ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന്  ചൈനയിലേക്ക് അനധികൃതമായി കയറ്റുമതി ചെയ്യുന്ന കറുപ്പ് വ്യാപാരം അടിച്ചമർത്താൻ ചൈന ശ്രമിച്ചപ്പോഴാണ്. ദശലക്ഷക്കണക്കിന് ചൈനക്കാർ കറുപ്പിന് അടിമകളായിരുന്നു. ക്വിങ് രാജവംശം ഈ വിപത്ത് ഇല്ലാതാക്കാൻ ആഗ്രഹിച്ചു. എന്നിരുന്നാലും, ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന് ഇത് ലാഭകരമായൊരു വിപണിയായിരുന്നു. അതു ചൂഷണം ചെയ്യപ്പെടാൻ കാത്തിരിക്കുകയായിരുന്നു. ഇതാണു സംഘർത്തിലേക്കു നയിച്ചത് (3). നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങൾ പിടിച്ചെടുക്കുന്ന ലഹരിയുടെ അളവ് മാത്രംമതി ഈ പ്രശ്നത്തിന്റെ ആഴം ബോധ്യപ്പെടാൻ.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടുന്ന കുറ്റകൃത്യങ്ങളിൽ പൊതുവേ പ്രയോഗിക്കുന്ന എൻ‌ഡി‌പി‌എസ് നിയമപ്രകാരം 2017 ൽ ആകെ 63,800 കേസെടുത്തു – വ്യക്തിഗത ഉപഭോഗത്തിന് 41,056 കേസുകളും ലഹരികടത്തു സംബന്ധിച്ച് 22,744 കേസുകളും. 2018 ലും രാജ്യത്ത് ഈ നിയമപ്രകാരം 63,137 കേസുകൾ (38,715; 24,422) രജിസ്റ്റർ ചെയ്തു. 2017 ലും 2018 ലും യഥാക്രമം 36,16,881 ഉം 44,00,389 ഉം കിലോഗ്രാം നിയമവിരുദ്ധ ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മയക്കുമരുന്നു കടത്തിന്റെ വ്യാപ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. എൻ‌ഡി‌പി‌എസ് നിയമപ്രകാരം 2017 ൽ വിചാരണ ചെയ്യപ്പെട്ട 36,067 പേരിൽ 27,949 പേർ കോടതികളിൽ ശിക്ഷിക്കപ്പെട്ടു. 2016ൽ 40,660 പേരെ വിചാരണ ചെയ്തതിൽ 31,510 (77.49%) പേരും ശിക്ഷിക്കപ്പെട്ടു (4).
ഇന്നു ലഹരിപ്രശ്നം അതിന്റെ സാംസ്കാരികവും മതപരവും ചരിത്രപരവുമായ പ്രാധാന്യങ്ങളെയൊക്കെ അട്ടിമറിച്ചു നമ്മുടെ പൗരന്മാരെ മാനസ്സികാസ്വാസ്ഥ്യങ്ങളുടെ പടുകുഴിയിലേക്കു വലിച്ചിടുന്ന മഹാവിപത്തായി മാറിക്കഴിഞ്ഞു. മാത്രമല്ല, ഈ അധോലോക ശൃംഖലയ്ക്കു തീവ്രവാദം, വിഘടനവാദം, അഴിമതി തുടങ്ങിയവയുമായുള്ള ഇഴപിരിക്കാനാവാത്ത ബന്ധംമൂലം ഈ സാമൂഹിക പ്രശ്നം ദേശസുരക്ഷയെ ബാധിക്കുന്നുമുണ്ട്. ഈ കാലത്തു ചെറിയ കുട്ടികളെവരെ ഈ വിപത്തിന്റെ കെണിയിൽ ചാടിക്കാനുള്ള സംഘടിത ശ്രമങ്ങളും നടക്കുന്നു. രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും ഒഴുക്കുന്ന കള്ളപ്പണത്തിന്റെ ഒരു സ്രോതസ്സും ഇതാണ്. ഈ സാഹചര്യത്തിൽ മയക്കുമരുന്നു ദുരുപയോഗത്തിനെതിരേ ജനകീയ പ്രതിരോധം ഉയരേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനില്പിന് അത്യാവശ്യമാണ്.

റെഫറൻസ്:
1.https://www.un.org/en/observances/end-drug-abuse-day
2.https://en.m.wikipedia.org/wiki/Lin_Zexu
3.https://rehabs.in/learn/drug-trafficking-in-india/
4.https://www.google.com/amp/s/www.deccanherald.com/amp/opinion/panorama/many-facets-


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.