Sunday, November 28, 2021

Latest Posts

ഫാ: സ്റ്റാൻ സ്വാമി ദീനനായി ജയിലിൽ മരിക്കുമ്പോൾ, കത്തോലിക്കാസഭകൂടി ഒരു വിചാരണക്ക് വിധേയമാകേണ്ടതുണ്ട്

✍️  പി ജെ ബേബി

സ്റ്റാൻ സ്വാമി ദീനനായി ജയിലിൽ മരിക്കുമ്പോൾ, കത്തോലിക്കാസഭകൂടി ഒരു വിചാരണക്ക് വിധേയമാകേണ്ടതുണ്ട്. ഫ്രാങ്കോ ബലാൽസംഗത്തെ വിശുദ്ധമായ ഒന്നാക്കി മറച്ചുവക്കാനും പിന്നീടത് കേസായപ്പോൾ ഫ്രാങ്കോയെ രക്ഷിക്കാനും ശ്രമിച്ചതിന്റെ നൂറിലൊന്ന് ശ്രമം, ഫാ: സ്റ്റാൻ സാമിയുടെ കാര്യത്തിൽ സഭ നടത്തിയോ?

16 കാരിയെ റോബിൻ പാതിരി പ്രസവിപ്പിച്ച സംഭവത്തിൽ, കുട്ടിയെ ഒളിപ്പിക്കാൻ ഒട്ടേറെ കന്യാസ്ത്രീകളും ശിശുക്ഷേമസമിതി അധ്യക്ഷൻ ഫാദർ തേരകവും കളിച്ച നാറിയ കളികൾ കേരളം കണ്ടു. റോബിനച്ചന്റ “വിശുദ്ധപാപം” ഇരയുടെ പിതാവിന്റെ തലയിൽത്തന്നെ വെച്ചു കൊടുക്കാൻ സഭാനേതൃത്വം ഹീനമായ ശ്രമം നടത്തി. അതിന്റെ പത്തിലൊന്നു പ്രയത്നം ജാർഖണ്ഡിലെ ആ നീതിയുടെ പതാകവാഹകനു വേണ്ടി നിങ്ങൾ നടത്തിയോ?
സിസ്റ്റർ അഭയ കൊല്ലപ്പെട്ടതിനു ശേഷമുള്ള നീണ്ട 29 വർഷങ്ങളിൽ പ്രതികളെ രക്ഷിക്കാൻ എത്ര നൂറുകോടികൾ സഭ ചെലവാക്കി!. ഇന്നു നിയമക്കോടതി പ്രതിയെന്നു കണ്ടെത്തിയയാളെ രൂപതാ ചാൻസലർ വരെയാക്കി ഉയർത്തി !

ഫാദർ സ്റ്റാൻ സാമി, ക്രിസ്തുവിന്റെ, “ഈ ചെറിയവരിലൊരാൾക്കു വേണ്ടി ” എന്ന സന്ദേശം ഏറ്റെടുത്തതിനാണ് ഇത്ര ക്രൂരമായ വേട്ടയാടലിനും കൊലക്കും ഇരയായത്. കേരളസഭയോ, ഈ “കൊലയാളിക്കുവേണ്ടി , ബലാൽസംഗിക്കുവേണ്ടി ” എന്ന സന്ദേശമാണ് ഏറ്റെടുത്തത് ! സാത്താന്റെ സന്ദേശം !!

കഴിഞ്ഞ ഒന്നര വർഷം ഫാദർ സ്റ്റാൻ സാമിയുടെ പീഡകരായ സംഘപരിവാറിനുവേണ്ടി, കേരളത്തിലെ ക്രിസ്ത്യാനികളിൽ മുസ്ലീം വിരോധം ആളിക്കത്തിക്കുക എന്ന അജണ്ട ഏറ്റെടുത്ത് പ്രവർത്തിക്കുകയായിരുന്നു, കേരള കത്തോലിക്കാ സഭാതലവൻ ആലഞ്ചേരി!. അതിനായി ലവ് ജിഹാദ് ആയുധമാക്കി. പുത്തൻപുരകളെയും വട്ടായിമാരെയും കമാൻഡർമാരാക്കി മുന്നിൽ നിർത്തി.

കേരളത്തിൽ ഹലാൽ /ഹറാം മാസം വലിയ പ്രശ്നമാക്കാനും ഇസ്രയേലിൽ യുദ്ധത്തിനിടയിൽ നഴ്സ് മരിച്ച സംഭവത്തെ മുസ്ലീം വിരോധം ആളിക്കത്തിക്കാൻ വിഷലിപ്തമായ ഭാഷയിൽ വക്രീകരിച്ചവതരിപ്പിക്കാനും ശ്രമം നടന്നു.150 ഓളം കള്ള ക്രിസ്ത്യൻ സംഘടനകൾ അതിനായി സോഷ്യൽ മീഡിയയിൽ രൂപം കൊണ്ടു.

ആ ഹീനമായ പദ്ധതികളെ പ്രോത്സാഹിപ്പിച്ച സഭാ നേതൃത്വം, ജയിലിൽക്കിടന്ന സ്റ്റാൻ സാമിയുടെ പ്രശ്നം ഏറ്റെടുത്തില്ല. അതുവഴി അവർ അദ്ദേഹത്തിന്റെ നെഞ്ചിൽ സ്വന്തമായ ഒരു കത്തി കൂടി കുത്തിയിറക്കുകയായിരുന്നില്ലേ…?

ഈ കേരളത്തിൽ കഴിഞ്ഞ ഓണക്കാലത്ത് ക്രിസ്തുവിന്റെ സുവിശേഷത്തെ ഓർമ്മിപ്പിക്കും വിധം “ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം” എന്ന സന്ദേശം സ്വന്തം വിദ്യാർത്ഥികൾക്ക് നല്കിയതിന് നെടുങ്കുന്നം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദിവ്യ മാത്യുവിനെ ശശികലസംഘം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ വച്ച് മാപ്പു പറയിച്ച്, അത് റെക്കോർഡ് ചെയ്ത് കേരളമാകെ പ്രചരിപ്പിച്ചു.
സഭാ നേതൃത്വം പീലാത്തോസിന്റെ റോളിനുമപ്പുറത്തേക്ക് പോയി മൗനം പാലിച്ചു. ക്രിസ്തുവിന്റെ സന്ദേശം ജീവിത ദൗത്യമാക്കുന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കൊലയാളികൾക്കൊപ്പം ചേരുകയും, മെത്രാന്മാരുടെയും സിൽബന്ധികളുടെയും ക്രൂരകൃത്യങ്ങൾക്ക് ചൂട്ടു പിടിക്കുകയുമല്ലേ കേരള കത്തേലിക്കാ സഭാ നേതൃത്വം ഈ നിമിഷം വരെ ചെയ്തത്…?

Bhima-Koregaon case: What Stan Swamy said before arrest by NIA


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.