Wednesday, October 20, 2021

Latest Posts

തിരൂരങ്ങാടി പോക്സോ കേസും DNA ഫലവും

 ✍️ ഐഷ പി ജമാൽ (സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ പോക്സോ കോടതി, മഞ്ചേരി)

രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുകയാണ് 18 വയസുള്ള പോക്സോ കേസിലെ പ്രതിക്ക് DNA പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടർന്ന് 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം ലഭിച്ചത്.

നിരവധി ചർച്ചകളാണ് ഇതേ തുടർന്ന് നടന്നത്. ശാസ്ത്രീയ തെളിവുകൾ ലഭിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യാൻ പാടൊള്ളൂ എന്നും, കളവായ മൊഴി കൊടുത്ത വിക്ടിമിനെ ശിക്ഷിക്കണം എന്ന് വരെ കണ്ടു.

ഈ കേസിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 17 വയസ്സ് വരുന്ന പെൺകുട്ടിയാണ് വിക്ടിം (victim). 2021 ജൂലെയ് മാസത്തിൽ ഈ പെൺകുട്ടി ഗർഭിണിയാണ് എന്ന് അറിഞ്ഞതിനെ തുടർന്ന് പോലീസ് മൊഴിയെടുത്തപ്പോഴാണ് പ്രതിയും വിക്ടിമും പരിചയക്കാരാണെന്നും, പ്രതി വിക്ടിമിനെ ബലാൽസംഘം ചെയ്തു എന്നും മൊഴി കൊടുത്തത്.

സാധാരണയായി ഇത്തരത്തിൽ ഉള്ള എല്ലാ കേസുകളിലെയും സ്വഭാവികവും നിർബന്ധിതവുമായ നടപടിക്രമം (procedure) എന്ന നിലക്കാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകൾ DNA പരിശോധനക്ക് അയച്ചത്. (പ്രതി ആവശ്യപ്പെട്ട പ്രകാരമല്ല, അങ്ങനെയും ചില വാർത്തകൾ തെറ്റായി കണ്ടു)

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന അവസരത്തിൽ പ്രതി കുറ്റം നിഷേധിക്കുകയും പെൺകുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു. തുടർന്ന് സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥൻ DNA പരിശോധന ഫലം വേഗത്തിലാക്കുവാൻ ഫോറെൻസിക് ലാബിൽ അപേക്ഷ നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് 35 ദിവസം കൊണ്ട് DNA പരിശോധന ഫലം വന്നത്.

റിസൾട്ട്‌ വരുന്ന ദിവസത്തിനു മുമ്പുള്ള ദിവസങ്ങളിൽ മഞ്ചേരി പോക്സോ കോടതിയിൽ ജാമ്യപേക്ഷയിലെ വാദം നടന്നിരുന്നു. അന്ന് പ്രതി ഭാഗം പ്രതി കുറ്റം ചെയ്തിട്ടില്ല എന്നും ആരോപണ വിധേയമായ സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തി ആയിട്ടില്ല എന്ന വാദവുമാണ് ഉന്നയിച്ചത്.

എന്നാൽ സംഭവം നടക്കുന്നതായി കുട്ടി ആരോപിക്കുന്നത് ഏപ്രിൽ മാസത്തിലായതിനാൽ പ്രതി അതിനു മുമ്പേ തന്നെ പ്രായപൂർത്തി ആയിട്ടുണ്ട് എന്ന രേഖയും കോടതിയിൽ പ്രോസിക്യൂഷൻ (prosecution) ഹാജരാക്കി. തുടർന്ന് പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന രേഖകൾ പരിശോധിക്കാൻ വേണ്ടി ജാമ്യവാദം മറ്റൊരു ദിവസത്തേക്ക് നീട്ടുകയാണ് ഉണ്ടായത്.
ഇതിനിടയിൽ DNA പരിശോധന ഫലം വരികയും ആയത് നെഗറ്റീവ് ആണെന്ന് മനസിലായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ അത് കാണിച്ചു കൊണ്ട് അന്നേ ദിവസം തന്നെ മറ്റൊരു റിപ്പോർട്ട് കോടതിയിൽ കൊടുക്കുകയാണ് ഉണ്ടായത്. സാധാരണ ഗതിയിൽ മാസങ്ങളും ചിലപ്പോൾ വർഷം കഴിഞ്ഞാലും വരാത്ത DNA റിസൾട്ട്‌ (നിലവിലുള്ള ലാബുകളുടെ എണ്ണം കുറവായത് കാരണം) അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷാ പ്രകാരമാണ് വേഗത്തിൽ വന്നത്. അതൊരു ഔദാര്യമോ ദയയോ മറ്റോ ആണെന്നല്ല, പക്ഷെ അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ ദൗത്യം കൃത്യമായി നിർവഹിക്കുകയാനുണ്ടായത്.
DNA നെഗറ്റീവ് ആയത് കൊണ്ട് മാത്രം പ്രതി കുറ്റം ചെയ്തിട്ടില്ല എന്ന് ഇപ്പോൾ തീരുമാനിക്കാനാവില്ല. ഗർഭത്തിനു കാരണം മറ്റൊരാൾ ആണെന്ന് മാത്രമേ ഈ പരിശോധന ഫലത്തിൽ നിന്നും അനുമാനിക്കാനാവൂ. വിക്ടിമിൽ നിന്നും കൂടുതൽ മൊഴി എടുത്തതിനു ശേഷം മാത്രമേ ഇതൊരു വ്യാജ ആരോപണം ആണോ എന്നും ഒന്നിലധികം പ്രതികൾ ഉണ്ടോ എന്നുമൊക്കെ മനസിലാക്കാൻ സാധിക്കൂ. അത് അന്വേഷണത്തിന്റെ ഭാഗമായി വഴിയേ നടക്കും.

ജാമ്യത്തെ കുറിച്ചുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ ആപ്തവാക്യമായ bail is a rule and jail is the exception എന്നത് തന്നെയാണ് ഇന്നും കോടതികളിൽ പിന്തുടരുന്ന നിയമം. അതിനിടയിലാണ് ഗുരുതരമായ കുറ്റകൃത്യമായ പോക്സോ പോലുള്ളതിൽ ആരോപണവിധേയർ സാധാരണയിൽ അധികം ദിവസം വിചാരണക്ക് മുമ്പ് ജയിലിൽ കിടക്കേണ്ടി വരുന്നത്. പോക്സോ പോലുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശം കൂടി പരിഗണിച്ചാണ് ഇത്തരം കേസുകളിലെ വേഗത്തിലുള്ള അറസ്റ്റും ജാമ്യം നിഷേധവുമെല്ലാം.
ഈ ഒരു സംഭവത്തിൽ വന്ന DNA നെഗറ്റീവ് ഫലം കൊണ്ട് നാട്ടിൽ നടക്കുന്ന കുട്ടികൾക്ക് എതിരായ ലൈംഗീകപീഡങ്ങൾ റദ്ദ് ചെയ്യപ്പെടില്ല. ഇപ്പോഴും പ്രതികളെ ഭയന്നു പേടിച്ചു വിറച്ചു നടക്കുന്ന കുഞ്ഞു മക്കളെ നിരന്തരം കാണുന്നതാണ്. പ്രണയം നിരസിച്ചതിനെ തുടർന്നും, പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നും പെൺകുട്ടികൾ കൊല ചെയ്യപ്പെടുന്ന സാഹചര്യങ്ങളും വർധിച്ചു വരികയാണ്.

ഇന്നലെയും അത്തരത്തിൽ ഒന്ന് തിരുവനന്തപുരത്ത് നടന്നു. ഇനിയും ഇത്തരം സംഭവങ്ങൾ നടന്നേക്കാം. നിഷ്പക്ഷവും നീതിപൂർവവുമായ ഇത് പോലുള്ള അന്വേഷണങ്ങൾ നടത്താൻ എല്ലാ അന്വേഷണ ഉദ്യോഗസ്ഥർക്കും മാതൃകയാക്കാവുന്ന ഉദാഹരണമായാണ് ഈ കേസിനെ ഇപ്പോൾ വിലയിരുത്താൻ കഴിയുക. ഒരോ കുറ്റാരോപിതനും നിരപരാധിത്വം തെളിയിക്കാനുള്ള അവസരവും, നിയമസഹായവും നമ്മുടെ നീതിപീഠത്തിന് നൽകാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.