Monday, October 18, 2021

Latest Posts

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷന്‍ 90% കടന്നു; ഡെങ്കി 2 പുതിയ വകഭേദമല്ല; ഇന്ന് 15,692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 92 മരണം

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 90 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു. അഞ്ച് ജില്ലകളില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിനടുത്തെത്തി. സംസ്ഥാനത്തെ ഒരു കോടിയില്‍ അധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഒന്നാം ഡോസ് രണ്ടു കോടി 39 ലക്ഷത്തോളം പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാക്‌സിന്‍ എടുക്കുന്നതില്‍ ആരും വിമുഖത കാണിക്കരുത്. നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണം. കൊവിഡ് മരണങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ എടുക്കാത്തവരിലാണ്. രണ്ടാം തരംഗം തീവ്രത കടന്നു നില്‍ക്കുന്നതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കൂടിച്ചേരലുകളും പൊതു പരിപാടികളും ഒഴിവാക്കണം. സാമൂഹിക പ്രതിരോധം തീര്‍ക്കുന്നതില്‍ മികച്ച നേട്ടമാണ് കൈവരിക്കാനായത്. ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ടിപിആര്‍ ഒഴിവാക്കിയത് വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നടത്തിയ സിറോ സര്‍വ്വേ ഫലം ഉടന്‍ ലഭിക്കുമെന്നും സര്‍വേഫലം അടിസ്ഥാനമാക്കി സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഡെങ്കി 2 പുതിയ വകഭേദമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത്തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ, കേരളത്തിലടക്കം ഡെങ്കിയുടെ നാല് വകഭേദവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെടുന്ന ഫ്‌ളാവിവൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. 8-12 ദിവസം വരെയാണ് എക്‌സ്ട്രിന്‍സിക് ഇന്‍ക്യുബേഷന്‍ പിരീഡ്.

കടുത്ത പനിയാണ് ഡെങ്കിയുടെ ലക്ഷണം. ഇതിനൊപ്പം കടുത്ത തലവേദന, കണ്ണിന് പിന്നിലായി വേദന, പേശി, സന്ധി എന്നിവിടങ്ങളിലെ വേദന, ഛര്‍ദി എന്നിവയും ഉണ്ടാകാം. കടുത്ത വയറുവേദന, നിലയ്ക്കാത്ത ഛര്‍ദി, ക്ഷീണം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ തീവ്രത കൂടിയ ഡെങ്കിയുടെ ലക്ഷണങ്ങളാണ്.

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,704 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1507 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,67,008 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂര്‍ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂര്‍ 1079, കാസര്‍ഗോഡ് 281 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,32,897 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.