Monday, October 18, 2021

Latest Posts

കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം വന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒരു കുട്ടി സ്‌കൂളില്‍ പോയി തിരികെയെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ, സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും.

ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങള്‍ ആയാലും സ്‌കൂള്‍ വാഹനങ്ങള്‍ ആയാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങള്‍ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കണം. അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ നടത്തണം.
കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികള്‍ക്കെങ്കിലും കൊവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്സിനേഷന്‍ നടത്തണമെന്ന് പറയുന്നത്. അത് മാത്രമല്ല അവര്‍ മറ്റ് കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം. സ്‌കൂള്‍ പിടിഎ കള്‍ അതിവേഗത്തില്‍ പുന:സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,901 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,53,119 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,63,280 കോവിഡ് കേസുകളില്‍, 12.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,603 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,658 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 117, പത്തനംതിട്ട 734, ആലപ്പുഴ 1360, കോട്ടയം 1407, ഇടുക്കി 956, എറണാകുളം 635, തൃശൂര്‍ 4764, പാലക്കാട് 734, മലപ്പുറം 1328, കോഴിക്കോട് 1661, വയനാട് 968, കണ്ണൂര്‍ 600, കാസര്‍ഗോഡ് 298 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,63,280 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,41,430 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.