Saturday, October 16, 2021

Latest Posts

7000 മരണങ്ങള്‍ കൂടി കൊവിഡ് മരണപ്പട്ടികയില്‍ ചേര്‍ക്കും; കേരളത്തില്‍ ഇന്ന് 10,944 കോവിഡ് കേസുകള്‍,12,922 പേര്‍ക്ക് രോഗമുക്തി

കേരളത്തിലെ കൊവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ് മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുമ്പുള്ള മരണങ്ങളില്‍ രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളാണ് ഇത്. ഇതുസംബന്ധിച്ച് ഇനിയും പരാതികളുണ്ടെങ്കില്‍ അതും പരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കൊവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍ സമര്‍പ്പിക്കാം. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോര്‍ട്ടലിലൂടെയും നേരിട്ട് പി.എച്ച്.സി.കള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തും. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. സമയബന്ധിതമായി സുതാര്യമായി തന്നെ പരാതികള്‍ തീര്‍പ്പാക്കുന്നതാണ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ പറ്റുമോ അതെല്ലാം സ്വീകരിക്കുന്നതാണ്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും സഹായം ലഭ്യമാക്കും. കോവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ആദ്യം ധനസഹായം നല്‍കിയ സംസ്ഥാനമാണ് കേരളം. അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

സെറോ പ്രിവിലന്‍സ് സര്‍വേയുടെ സമഗ്രമായ റിപ്പോര്‍ട്ട് ഇന്ന് തന്നെ തയ്യാറാകും. സംസ്ഥാനം സ്വയം തീരുമാനിക്കുകയും സ്വയം നടത്തുകയും ചെയ്‌തൊരു പഠനമാണിത്. ഐസിഎംആറിന്റെ ഗൈഡ് ലൈന്‍ അനുസരിച്ചാണ് പഠനം നടത്തിയത്. നമ്മുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ് ഈ പഠനം നടത്തിയത്. ഏതെല്ലാം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എവിടെവരെയെത്തി എന്നിവ മനസിലാക്കുന്നതിന് വേണ്ടിയാണ് സെറോ പ്രിവിലന്‍സ് പഠനം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് നഷ്ടപരിഹാര വിതരണത്തില്‍ നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രിഅറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അര്‍ഹതയുള്ള എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഡേറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,71,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,56,899 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,135 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 892 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,16,645 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,922 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2104, കൊല്ലം 1072, പത്തനംതിട്ട 492, ആലപ്പുഴ 716, കോട്ടയം 913, ഇടുക്കി 299, എറണാകുളം 1212, തൃശൂര്‍ 1433, പാലക്കാട് 767, മലപ്പുറം 1047, കോഴിക്കോട് 1393, വയനാട് 285, കണ്ണൂര്‍ 970, കാസര്‍ഗോഡ് 219 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,16,645 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,31,330 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.