Monday, October 18, 2021

Latest Posts

സംസ്ഥാനത്ത് ഇന്ന് 11,079 കേസുകള്‍, 123 മരണം; മരണമടയുന്നവരുടെ ആശ്രതര്‍ക്ക് ധനസഹായം; സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പുവരുത്തും

കൊവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ വരുമാനം ഒഴിവാക്കും.

ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കേണ്ടതാണ്.

ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്.
പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് ഇത് നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ് ആവശ്യമാണ്. അതിനാല്‍ സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

18 വയസ്സ് തികയാത്തതിനാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ വാക്‌സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളേജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിക്കും.

വാക്‌സിന്‍ എടുക്കാന്‍ വിമുഖതകാട്ടുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ്സും ഉറപ്പാക്കും.

സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ്സ് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 97,630 കൊവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9972 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1058, കൊല്ലം 580, പത്തനംതിട്ട 520, ആലപ്പുഴ 514, കോട്ടയം 781, ഇടുക്കി 648, എറണാകുളം 978, തൃശൂര്‍ 1374, പാലക്കാട് 958, മലപ്പുറം 948, കോഴിക്കോട് 601, വയനാട് 461, കണ്ണൂര്‍ 370, കാസര്‍ഗോഡ് 181 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,95,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.