Sunday, November 28, 2021

Latest Posts

‘നാനംമോന’ത്തില്‍നിന്നു അവര്‍ണര്‍ക്കു വിലക്കപ്പെട്ട കേരളത്തിലെ ഹരിശ്രീയിലേക്ക്

✍️ ലിബി. സി.എസ്

‘1200 വര്‍ഷത്തെ (ബിസി 300- ഏ ഡി 900) ചരിത്രം പരിശോധിച്ചാല്‍ ഈ കാലഘട്ടത്തില്‍ ‘കേരളം’ എന്ന സംസ്കൃതനാമം രാജ്യത്തിനുണ്ടായിരുന്നില്ല. കേരളത്തിന്റെ തമിഴ്-മലയാള രൂപമായ ചേരം അഥവാ ചേരളമാണുണ്ടായിരുന്നത്. സംസ്കൃതരേഖകളില്‍ മാത്രമാണ് ചേരളത്തിനെ കേരളമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആര്യവല്‍ക്കരണത്തിനു മുമ്പുണ്ടായിരുന്ന ചേരളം ആര്യവല്‍ക്കരണത്തിനുശേഷം സംസ്കൃതം അധിനിവേശഭാഷ ആയതോടെ കേരളമായി.ചേരനാടിനെ കേരളമാക്കി മാറ്റിയത് പരശുരാമന്‍ തന്നെയാണ് (പരമാര പരശുരാമൻ). അതുകൊണ്ടാണ് കേരളം ‘സൃഷ്ടിച്ചത്’ പരശുരാമനാണെന്നു പറയുന്നത്.

പഴയ ചരിത്രം തിരിച്ചറിയാതെയിരിക്കാനാണ് മഴുവെറിഞ്ഞുണ്ടാക്കിയ ഭൂമിയെന്ന കഥ പറയുന്നത്. അവതാരകഥയില്‍ വാമനന്‍ നേരത്തേയാണു വരുന്നതെന്ന കാര്യം മഴുവിന്റെ കാര്യം പറഞ്ഞവര്‍ ഓര്‍ത്തില്ല. ചേരളം കേരളമായപ്പോള്‍ 1200 വര്‍ഷത്തിലധികം സ്വതന്ത്രജനതകളായിരുന്നവരെ ചാതുര്‍വര്‍ണ്യ നിയമപ്രകാരം അടിമകളാക്കി. ഏ ഡി 900ല്‍ ആരംഭിച്ച ഈ അടിമത്തം ക്രമേണ ശക്തിപ്രാപിച്ച് 20ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം വരെ നിലനിന്നു. ഇക്കാലമത്രയും വിദ്യ നിഷേധിക്കപ്പെട്ട അടിസ്ഥാന ജനതകള്‍ക്ക് സത്യാവസ്ഥ തിരിച്ചറിയാനുമായില്ല.

മാവേലിനാടായിരുന്ന ചേരളത്തില്‍നിന്നു ചാതുര്‍വര്‍ണ്യ കേരളത്തിലേക്കുള്ള മാറ്റം ഇങ്ങനെയായിരുന്നു: മഹാബലിയില്‍ നിന്ന് പരശുരാമനിലേക്കും, തമിഴ് ബന്ധമുള്ള ദ്രാവിഡ സംസ്കാരത്തില്‍നിന്നു സംസ്കൃത ആധിപത്യമുള്ള ചാതുര്‍വര്‍ണ്യത്തിലേക്കും, മാറ്റമുണ്ടായി. ചേരനാട്ടിലെ എഴുത്തുവിദ്യയായിരുന്ന ‘നാനംമോന’ത്തില്‍നിന്നു കേരളത്തിലെ ഹരിശ്രീയിലേക്കും (ഹരിശ്രീ അവര്‍ണര്‍ക്കു വിലക്കപ്പെട്ടു) ധര്‍മരാജ്യത്തുനിന്നും ഭ്രാന്താലയത്തിലേക്കും മാറ്റമുണ്ടായി. പെരുമാള്‍ ഭരണം മാറി വര്‍മമാരുടെ ഭരണം വന്നതും വ്യവസ്ഥിതിമാറ്റത്തിന്റെ ഭാഗമായിരുന്നു. ചേരനാടിനെ ചാതുര്‍വര്‍ണ്യ കേരളമാക്കി മാറ്റിയത് പരശുരാമനാണ്. ഈ രീതിയില്‍ കേരളത്തെ ‘സൃഷ്ടിച്ചത്’ പരശുരാമന്‍ തന്നെ. അതിനു മുമ്പ് ഇതു മലയാളികളുടെ മാതൃഭൂമിയായ ചേരനാടായിരുന്നു.
എഴുത്തിനിരുത്തുന്നതിലും ഓണത്തിലുമൊക്കെ ഹിന്ദുവിശ്വാസത്തിന്റെ അംശമുണ്ടെന്ന നിലപാടുകള്‍ ഹൈന്ദവവല്‍ക്കരണം നടന്നുപോയ ഒരു സമൂഹത്തിന്റെ നടുവില്‍ നില്‍ക്കുന്നതുകൊണ്ടുണ്ടായതാണ്. അതിനു ചരിത്രപരമായ സാധുതയില്ല.

ഹിന്ദുത്വം സൃഷ്ടിച്ച അടിമത്തത്തിനു മുമ്പ് ദ്രാവിഡ-ബൌദ്ധ-ചേര പാരമ്പര്യമുള്ള ഓണവും എഴുത്തിനിരുത്തുമൊക്കെയുണ്ടായിരുന്നു. ഇത് 1500 വര്‍ഷത്തിലധികം നീണ്ടുനിന്നതുമാണ്. പൈശാചികമായ ഒരു സാംസ്കാരിക മര്‍ദ്ദനത്തിലൂടെ ഈ സംസ്കാരത്തെ ചാതുര്‍വര്‍ണ്യശക്തികള്‍ ഞെരിച്ചുകൊന്ന് കശക്കിയെറിയുകയാണു ചെയ്തത്. ഇന്നും ഈ സമീപനം നിലനില്‍ക്കുന്നു.
ഈ ജനതയുടെ ഗതകാലചരിത്രം മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികൾക്കും ഇങ്ങനെ തകര്‍ക്കപ്പെട്ട ജനതയെ മോചിപ്പിച്ച മറ്റു മാര്‍ഗങ്ങളിലൂടെ- ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങള്‍- മോചിതരായവര്‍ക്കും വ്യക്തമായി അറിയില്ല. ഹൈന്ദവവല്‍ക്കരിക്കപ്പെട്ട ഓണത്തിനും എഴുത്തിനിരുത്തിനും അപ്പുറം തങ്ങളുടെ പൂര്‍വികരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഓണവും നിലവിളക്കും എഴുത്തിനിരുത്തുമുണ്ടായിരുന്ന കാര്യമാണ് ഓര്‍മിക്കേണ്ടത്.

അന്ന് ജാതിഹിന്ദുത്വത്തിൽനിന്ന് ഒരു വിമോചനപ്രസ്ഥാനമെന്ന നിലയില്‍കണ്ട് ക്രിസ്തുമതം സ്വീകരിച്ച ജനതയ്ക്കും ഇസ്ലാം മോചിപ്പിച്ച ജനതയ്ക്കും ഇന്നാട്ടില്‍ തന്നെ വേരുകളുള്ള സ്വത്വബോധമുണ്ട്. അതു ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായതല്ല, മറിച്ച് ദ്രാവിഡ-ചേര-ബൌദ്ധപാരമ്പര്യവുമായി ബന്ധപ്പെട്ടതുമാണ്. അതുമായുള്ള പൊക്കിള്‍ക്കൊടിബന്ധമാണ് ‘പള്ളി’ എന്ന പദത്തിലൂടെ വെളിവാകുന്നത്. ‘പള്ളി’ സ്വന്തമാണെങ്കില്‍ ദ്രാവിഡ സാംസ്കാരികമൂല്യങ്ങളും ജാതിഹിന്ദുത്വത്തിൽനിന്ന് മോചിതരായ ജനതയ്ക്കും സ്വന്തമാണ്.

ക്രൈസ്തവര്‍ പള്ളികളില്‍ നിലവിളക്കു കത്തിക്കുന്നതും മുസ്ലിംകള്‍ നിലവിളക്കു വില്‍ക്കുന്നതും ആ സംസ്കാരത്തിന്റെ ഭാഗമാണ്. മാവേലിക്കരയിലെ മാന്നാറില്‍ നിലവിളക്കു വ്യാപാരികളില്‍ 90 ശതമാനവും മുസ്ലിങ്ങളാണ്. വിളക്കുമായി ബന്ധപ്പെട്ട പൂര്‍വികരുടെ പാരമ്പര്യമാണ് എല്ലാ മതവിഭാഗക്കാരും പിന്തുടരുന്നത്. വിളക്ക് വെളിച്ചത്തിനായി തിരിയിട്ടു കത്തിക്കാനുള്ള ഉപകരണം മാത്രമാണ്. അതിന് ജാതിയും മതവുമില്ല. അതിനു മതമുണ്ടെന്ന് വരുന്നത് ഹിന്ദുത്വകേന്ദ്രങ്ങള്‍ക്ക് പ്രോല്‍സാഹനമായിത്തീരും.

കുറച്ചുകൂടി ഉയർന്ന ചിന്താഗതിയും ശാസ്ത്രബോധവുമുള്ള പൗരന്മാർക്കാകട്ടെ ഇതൊന്നുമേ ആവശ്യവുമില്ല.

തമസോമാ ജ്യോതിര്‍ഗമയാ!


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.